ന്യൂദല്‍ഹി: ബീഫിന്റെ പേരില്‍ ഹരിയാനയില്‍ 16കാരനായ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിനെതിരെ “ഈ ഭീകരത എന്റെ പേരിലല്ല” എന്ന പ്രഖ്യാപനത്തോടെ നടന്ന പ്രതിഷേധത്തെ താറടിച്ചു കാട്ടി ടൈംസ് നൗ ചാനല്‍. രാജ്യത്തെ സാധാരണക്കാര്‍ അണിനിരന്ന ഈ പ്രതിഷേധത്തിന് പാകിസ്ഥാനി ബന്ധമുണ്ടെന്നു പറഞ്ഞാണ് ടൈംസ് നൗ ജനകീയ പ്രതിഷേധത്തെ അധിക്ഷേപിച്ചത്.
“ഇന്ത്യയിലെ അവകാശ നിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമരം ചെയ്യാന്‍ സംഘാടകര്‍ പാകിസ്ഥാനിലെ ആക്ടിവിസ്റ്റുകളുമായി ബന്ധപ്പെട്ടതായി ടൈംസ് നൗ മനസിലാക്കുന്നു.” എന്ന് ചാനല്‍ ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു.
പതിവുരീതിയില്‍ തന്നെയായിരുന്നു പ്രതിഷേധത്തിനെതിരായ ടൈംസ് നൗവിന്റെ അപവാദ പ്രചരണങ്ങളും. #NotOnPakSoil എന്ന ഹാഷ്ടാഗും ആരംഭിച്ചിരുന്നു.
ചാനലില്‍ അടുത്തിടെ നിയമിതനായ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഷോ നയിച്ചത്. ഒപ്പം പതിവ് അതിഥിയാായ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമിയും മുന്‍ ആര്‍മി കേണല്‍ ആര്‍.എസ്.എന്‍ സിങ്ങുമുണ്ടായിരുന്നു.
എന്നാല്‍ ജനകീയ സമരത്തെ അധിക്ഷേപിക്കാനുള്ള ചാനലിന്റെ ഈ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് ട്വിറ്ററില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നത്.
“ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വളരെ പ്രധാനപ്പെട്ട പ്രതിഷേധത്തെ അധിക്ഷേപിക്കുകവഴി ഇന്ത്യയിലെ ആള്‍ക്കൂട്ട ഭീകരതയെ പിന്തുണയ്ക്കുകയാണ് ടൈംസ് നൗ ചാനല്‍. ഇതിനെ മറ്റൊരു രീതിയിലും കാണാനാവില്ല.” എന്നാണ് മാധ്യമപ്രവര്‍ത്തക അര്‍ഫ ഷെര്‍വാണി ട്വിറ്ററില്‍ കുറിച്ചത്.
“പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം കേക്ക് കഴിക്കാം. പക്ഷെ ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആള്‍ക്കൂട്ട ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നില്‍ക്കാനാവില്ല അല്ലേ.” എന്നാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ പരിഹാസം.
“ഇന്ത്യയിലെ ആള്‍ക്കൂട്ടഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെല്ലാം പാക് നിയന്ത്രണത്തിലാണെന്നാണോ പറഞ്ഞുവരുന്നത്? ഇവര്‍ പശുവിന്‍ പാല് മോഷ്ടിക്കാറുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ?” എന്നാണ് മറ്റൊരാളുടെ പരിഹാസം.
” സിക്കിമില്‍ വന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ നശിപ്പിക്കാന്‍ ചൈനീസ് ആര്‍മിയെ അവര്‍ ക്ഷണിച്ചിട്ടുണ്ട്. ശംഖ്‌നാദില്‍ നിന്നും ഇന്ത്യാ ട്രെന്റിങ്ങില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ടൈംസ് നൗ” എന്നാണ് മറ്റൊരു പ്രതികരണം.