| Thursday, 9th April 2020, 1:31 pm

'ഇതുപോലുള്ള സമയങ്ങള്‍ സുഹൃത്തുക്കളെ ഒരുമിപ്പിക്കും'; കൊവിഡ് പ്രതിരോധ മരുന്ന് അമേരിക്കക്ക് നല്‍കിയതിനു പിന്നാലെ ട്രംപിനോട് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ്-19 പ്രതിരോധ മരുന്ന് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ട്രംപിന്റെ അഭിനന്ദനത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നെന്നും ഇത്തരം സമയങ്ങള്‍ സുഹൃത്തുക്കളെ ഒരുമിപ്പിക്കുമെന്നുമാണ് മോദി ട്രംപിന്റെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്.
‘ താങ്കളുമായി പൂര്‍ണമായും യോജിക്കുന്നു. ഇത്തരം സമയങ്ങള്‍ സുഹൃത്തുക്കളെ ഒരുമിച്ച് നിര്‍ത്തും. ഇന്ത്യ-യു.എസ് പങ്കാളിത്തം എന്നത്തേക്കാളും ശക്തമാണ്,’ മോദി ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി ലഭിച്ചതിനു പിന്നാലെ ട്രംപ് മോദിയെ അഭിനന്ദിച്ചിരുന്നു.
‘അദ്ദേഹം വലിയവനാണ്, ശരിക്കും മോദി വളരെ നല്ലവനാണ്. നിര്‍ദിഷ്ട മരുന്നിന്റെ 29 മില്ല്യണിലധികം ഡോസുകളാണ് ഞങ്ങള്‍ വാങ്ങിയിരിക്കുന്നത്. കൂടുതലും ആ മരുന്ന് ഇന്ത്യയില്‍ നിന്ന് വരുന്നതിനാല്‍ മോദിയുമായി സംസാരിച്ചിരുന്നു. ആ മരുന്ന് നല്‍കുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം വലിയവനും നല്ലവനുമാണ്. അവര്‍ക്ക് ആ മരുന്ന് ആവശ്യമായത് കൊണ്ടാണ് കയറ്റുമതി നിര്‍ത്തിയത്’ ട്രംപ് സംഭാഷണത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പ്രതിരോധനത്തിനായി മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിരുന്നില്ല. ഇതോടെ മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ലെന്നും പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു.ഒരു കോടി മരുന്ന് ഇന്ത്യയില്‍ നിലനിര്‍ത്തിയ ശേഷമായിരിക്കും യു.എസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിക്കുകയും ചെയ്തിരുന്നു. കൊവിഡ്-19 രോഗികള്‍ ഇന്ത്യയില്‍ കൂടുന്ന സാഹചര്യത്തിനിടെയാണ് പ്രതിരോധ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more