ന്യൂദല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് നേരെയുള്ള ലെെംഗികാരോപണത്തെ തള്ളി കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി. ഇന്ത്യയുടെ ജുഡീഷ്യറിയില്‍ അഭിമാനം കൊള്ളുന്നുവെന്നും ചീഫ് ജസ്റ്റിസ് എന്ന പദവിയുടെ പ്രാധാന്യം ഉയര്‍ത്തികാണുന്നുവെന്നും അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.
ഇത് ജുഡീഷ്യറിയുടെ ഒപ്പം നില്‍ക്കേണ്ട സമയം എന്ന തലക്കെട്ടോടെ ട്വിറ്ററിലൂടെ യാണ് അരുണ്‍ ജെയ്റ്റ്‌ലി രഞ്ജന്‍ ഗൊഗൊയ്ക്ക് പിന്തുണയുമായെത്തിയത്.
ജൂഡീഷ്യറിയുടെ തലവനാണ് ചീഫ് ജസ്റ്റിസെന്നും നിയമവും നീതിയും നടപ്പാക്കലാണ് അദ്ദേഹത്തിന്റെ കടമെയന്നും അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. കോടതിക്കും ചീഫ് ജസ്റ്റിസിനും വിശ്വാസ്യതയും ബഹുമാനവും അത്യന്താപേക്ഷിതമാണെന്നും അരുണ്‍ജെയ്റ്റ്‌ലി പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ കോടതിയിലെ മുന്‍ ജീവനക്കാരി ലൈംഗികാതിക്രമപരാതി ഉന്നയിച്ചതായി ശനിയാഴ്ച രാവിലെ 9.30ന്് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാവിലെ 10.30ന് തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ‘ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെത്തന്നെ ബാധിക്കുന്ന പൊതുപ്രാധാന്യമുള്ള ഒരു വിഷയം ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തും’- എന്നായിരുന്നു അറിയിപ്പ്.