| Friday, 12th May 2023, 9:41 am

ഫോണുകള്‍ ട്രാക്ക് ചെയ്യുന്നു; ഒളിമ്പിക്‌സിന് തയ്യാറെടുക്കേണ്ട സമയമാണ് നഷ്ടപ്പെടുന്നത്; ബജ്‌റംഗ് പൂനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ഫോണുകള്‍ ട്രാക്ക് ചെയ്യുന്നതായി ആരോപണം. ലൈംഗികാരോപണം ഉന്നയിച്ച് ബി.ജെ.പി എം.എല്‍.എയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം താരങ്ങള്‍ കരിദിനം ആചരിച്ചിരുന്നു. അതിനിടയിലാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ബജ്‌റംഗ് പൂനിയ താരങ്ങളുടെ ഫോണുകള്‍ ട്രാക്ക് ചെയ്യപ്പെടുന്നുവെന്ന ആരോപണം മാധ്യമങ്ങളോട് ഉന്നയിച്ചത്.

‘ഈയിടെയായി ഞങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്യപ്പെടുന്നു. എന്തോ കുറ്റം ചെയ്തത് പോലെയാണ് ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങളുടെ ഫോണില്‍ സേവ് ചെയ്യപ്പെട്ടവരെയും ട്രാക്ക് ചെയ്യുന്നു.

ഞങ്ങള്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കരിദിനം ആചരിക്കുകയാണ്. ഈ പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ട്. അതുകൊണ്ട് വിജയിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.

ദിവസം കഴിയുന്തോറും ഞങ്ങളുടെ പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. നീതി ലഭിക്കുന്നത് വരെ ഞങ്ങള്‍ സമരം തുടരും.

നീതിയേക്കാള്‍ വലുതായി ഒന്നുമില്ല. കോടതിയില്‍ ഞങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. സത്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ഇന്ത്യയില്‍ ഇതിന് മുമ്പ് ഇങ്ങനൊരു സംഭവം നടന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും തയ്യാറെടുക്കേണ്ട സമയമാണിത്. ഞങ്ങളുടെ 19 ദിവസത്തെ സമരം കായിക രംഗത്ത് വലിയ നഷ്ടമാണ്,’ പൂനിയ പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്കെതിരെ അത്‌ലറ്റ് സീമ ആന്റിലിന്റെ പരാമര്‍ശങ്ങളെയും പൂനിയ വിമര്‍ശിച്ചു.

‘കായിക മേഖലയില്‍ ബ്രിജ് ഭൂഷണെക്കാള്‍ നഷ്ടങ്ങളാണ് ഞങ്ങളുണ്ടാക്കുന്നെന്ന അവരുടെ പ്രസ്താവന എനിക്ക് മനസിലാകുന്നില്ല. ഒരു കായിക താരമായിട്ടും അവര്‍ക്ക് ഇത് മനസിലാകാത്തത് വളരെ വിചിത്രമായ കാര്യമാണ്,’ പൂനിയ പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരം 18 ദിവസം പിന്നിട്ടു. ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതില്‍ കൈയിലും നെറ്റിയിലും കറുത്ത റിബണ്‍ കെട്ടിയാണ് താരങ്ങള്‍ കഴിഞ്ഞ ദിവസം കരിദിനം ആചരിച്ചത്.

നിലവില്‍ ദല്‍ഹി പൊലീസ് ഭൂഷണെതിരെ പോക്‌സോ അടക്കം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ കുറ്റങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിരസിക്കുകയായിരുന്നു.

ഗുസ്തി താരങ്ങളുടെ വനിതാ ക്യാമ്പ് പാട്യാലയിലേക്ക് നടത്താനുള്ള തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

കഴിഞ്ഞ ദിവസം നസ്ദൂര്‍ അധികാര്‍ സംഗാദന്‍, സോനിപഥ്, ഭഗത് സിങ് യൂത്ത് യൂണിയന്‍, ഭാരത് കിസാന്‍ യൂണിയന്‍ ഏക്ത എന്നീ സംഘടനകളിലെ അംഗങ്ങളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് അയച്ചിട്ടുണ്ട്. ഗുസ്തി ഫെഡറേഷന്‍, ബി.സി.സി.ഐ തുടങ്ങിയ 15 കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റി ഇല്ലെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

content highlight: tracking phones; Time to prepare for the Olympics is lost; Bajranga Punia

We use cookies to give you the best possible experience. Learn more