ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ്. ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അവശ്യപ്പെട്ടത്.
ഫ്രഞ്ച് വിമാനക്കമ്പനി ദാവിയേഷനെ സഹായിക്കാനായി മോദി തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നും പൊതുപണം നഷ്ടപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍. ദാസോ കമ്പനിക്ക് വേണ്ടി ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയതും മോദിയുടെ താല്‍പ്പര്യ പ്രകാരമാണ്. അഴിമതി നിരോധന നിയമപ്രകാരം പ്രധാനമന്ത്രി കുറ്റക്കാരനാകുമെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.
“ലജ്ജാകരവും വലിയ തോതിലുമുള്ള അഴിമതി നടന്നതായി ഇപ്പോള്‍ തെളിഞ്ഞു. ഇത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഇന്ത്യന്‍ പീനല്‍കോഡിന്റെ വിവിധ വകുപ്പുകളും ഇതില്‍ ചാര്‍ത്താം. മോദിക്കെതിരേയും മറ്റുള്ളവര്‍ക്കെതിരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയം അതിക്രമിച്ചു. റഫാല്‍ അഴിമതി അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവരെപ്പോലും ബാധിച്ചു.
ഇടപാടില്‍ കൂടിയാലോചന നടത്തിയ ഇന്ത്യന്‍ നെഗോഷിയേഷന്‍ ടീമിന്റെ (ഐ.എന്‍.ടി) റിപ്പോര്‍ട്ട് ഇപ്പോള്‍ പൊതുജന മധ്യത്തിലുണ്ട്. രാജ്യസുരക്ഷാ താല്‍പ്പര്യം പോലും പാഴ്‌ചെലവാക്കി”- സുര്‍ജെവാല പറഞ്ഞു.
ഫൈറ്റര്‍ ജെറ്റുകള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള ഐ.എന്‍.ടിയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച കേന്ദ്രം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ നരേന്ദ്രമോദിക്കായി വിദേശ കമ്പനിയുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നുവെന്നും സുര്‍ജെവാല ആരോപിച്ചു.
36 റഫാല്‍ വിമാനങ്ങള്‍ക്കായി 59,000 കോടി രൂപയാണ് ചെലവഴിച്ചതെന്ന കേന്ദ്രത്തിന്റെ വാദം കള്ളമായിരുന്നെന്ന് പറഞ്ഞ സുര്‍ജെവാല, ഇന്ത്യന്‍ സംഘം 64,000 കോടി രൂപയാണ് ചര്‍ച്ചക്കായി മുന്നോട്ട് വെച്ചതെന്നും പറഞ്ഞു.
“ഐ.എന്‍.ടിയെ മറികടന്ന് ഇടപാടില്‍ മോദി നേരിട്ടാണ് കൂടിയാലോചനകള്‍ നടത്തിയത്. അവസാനവട്ട കൂടിയാലോചനകള്‍ 2016 ജനുവരി 12നും 13നും ഫ്രാന്‍സില്‍ വെച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് നടത്തിയതെന്നും 13ന് അന്തിമ കരാര്‍ ഒപ്പിട്ടെന്നും ഐ.എന്‍.ടി പറയുന്നു. ഇതോടെ മോദി സര്‍ക്കാരിന്റെ വലിയൊരു കള്ളത്തരമാണ് പൊളിഞ്ഞത്.
2015 മെയ് 12ന് പ്രതിരോധമന്ത്രാലയമാണ് ഐ.എന്‍.ടിയെ ചുമതലപ്പെടുത്തിയത്. ഡോവല്‍ ഐ.എന്‍.ടിയുടെ ഭാഗമല്ലായിരുന്നു. സുരക്ഷയ്ക്കുള്ള മന്ത്രിതല സമിതിയും ഡോവലിനെ അന്ന് ഇടപാടിനായി ചുമതലപ്പെടുത്തിയിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എങ്ങനെയാണ് കൂടിയാലോചന നടത്തി യുദ്ധവിമാനം വാങ്ങാന്‍ കരാര്‍ ഉണ്ടാക്കുന്നതെന്ന ലളിതമായ ചോദ്യമാണ് ഉയരുന്നത്.
മോദിയുടെ നിര്‍ദേശം അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രവര്‍ത്തിക്കുന്നതെന്ന് ഇതില്‍നിന്നും വ്യക്തമാണ്”-സുര്‍ജെവാല പറഞ്ഞു.