| Saturday, 25th July 2020, 10:45 am

ഇത് തെരുവിലിറങ്ങേണ്ട സമയം; രാജ്യത്ത് എന്തു നടക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കണമെന്ന് കോണ്‍ഗ്രസിനോട് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജ്യത്ത് എന്തു നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തെരുവിലിറങ്ങേണ്ട സമയമാണിതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. കോണ്‍ഗ്രസ് ഇത് പ്രധാന കടമയായി കണ്ട് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും മൂല്യങ്ങള്‍ക്ക് ഭംഗം സംഭവിച്ചിരിക്കുന്നു. ഹൈക്കോടതിയുടെ തീരുമാനങ്ങള്‍ പോലും പക്ഷപാതപരമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ സംരക്ഷകരാകേണ്ട ഗവര്‍ണര്‍മാര്‍ ആ ജോലി ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാനില്‍ നിയമസഭ സമ്മേളനം ഉടനടി വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിക്കുന്നതിനു മുമ്പ് തനിക്ക് പല കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നാണ് ഗവര്‍ണറുടെ പക്ഷം. കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ നിയമാഭിപ്രായം കിട്ടണം.

കൊവിഡ് സാഹചര്യത്തില്‍ നിയമസഭ സമ്മേളനം വിളിക്കാമോ എന്നും പരിശോധിക്കണമെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്.

200 അംഗ നിയമസഭയില്‍ 102 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണയാണ് ഗെലോട്ടിനുള്ളത്. പുറമെ സ്വതന്ത്രരുടെയും ചെറു പാര്‍ട്ടികളുടെയും പിന്തുണയുണ്ട്.

നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ വൈകുന്തോറും, തനിക്കുള്ള പിന്തുണയില്‍ ചോര്‍ച്ച ഉണ്ടാകാമെന്ന് ഗെലോട്ട് ഭയക്കുന്നുണ്ട്. ബി.ജെ.പിയുടെ പിന്നാമ്പുറ കളികളുമുണ്ട്. കൂടുതല്‍ എം.എല്‍.എമാരെ ചാക്കിടാനുള്ള സാവകാശമാണ് ഗെലോട്ടിനെതിരെ നീങ്ങുന്നവര്‍ തേടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more