കശ്മീരി പണ്ഡിറ്റുകൾക്കായി മാതൃഭൂമി കാത്തിരിക്കുന്നു, പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരിച്ച് വിളിച്ച് : മിർവായിസ് ഉമർ
India
കശ്മീരി പണ്ഡിറ്റുകൾക്കായി മാതൃഭൂമി കാത്തിരിക്കുന്നു, പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരിച്ച് വിളിച്ച് : മിർവായിസ് ഉമർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 1:48 pm

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളെ ജന്മനാട്ടിലേക്ക് തിരിച്ച് വിളിച്ച് ഹുറിയത്ത് കോൺഫെറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖ്. മാതൃഭൂമി അവർക്കായി കാത്തിരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗറിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. കശ്മീരി പണ്ഡിറ്റുകൾ നടത്തുന്ന ഖീർ ഭവാനി മേളയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഖീർ ഭവാനി മേളക്കായി പണ്ഡിറ്റുകൾ കശ്മീരിൽ എത്തുന്ന സമയമാണിത്.

മധ്യ കശ്മീരിലെ ഗന്ധർബാൽ ജില്ലയിലെ തുലമുള്ള ഗ്രാമത്തിലുള്ള മാതാ ഖീർ ഭവാനി ക്ഷേത്രത്തിൽ ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ ഒന്നിച്ച് കൂടി പ്രാർത്ഥന നടത്തുന്ന ആഘോഷമാണ് ഖീർ ഭവാനി മേള. അവിടെയുള്ള പ്രാദേശിക മുസ്‌ലിം ജനവിഭാഗവും ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട്. ഈ ഒരുമയെ മിർവായിസ് ഉമർ അഭിനന്ദിച്ചു.

ഒപ്പം കാശ്മീരി പണ്ഡിറ്റുകൾ അവരുടെ ജന്മനാട്ടിലേക്ക് മടങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രഭാഷണത്തിൽ എടുത്ത് പറഞ്ഞു. തകർന്ന ബന്ധങ്ങൾ അനുരഞ്ജിപ്പിക്കാനും പുനർനിർമിക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ഖീർ ഭവാനി മേളക്കായി കശ്‌മീരിൽ എത്തിയ ഞങ്ങളുടെ കശ്മീരി പണ്ഡിറ്റ് സഹോദരങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. പണ്ഡിറ്റ് സമൂഹം തങ്ങളുടെ പൂർവികരുടെ വീടുകളിലേക്ക് തിരിച്ച് വരാൻ കശ്മീരി താഴ്വരയിലെ ജനങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്,’ അദ്ദേഹം പറഞ്ഞു.

കശ്മീരി താഴ്വരയിലെ മുസ്‌ലിം സഹോദരങ്ങളും പണ്ഡിറ്റുകളും ഒന്നിച്ച് സാഹോദര്യത്തോടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം മടങ്ങി വരുന്ന കാശ്മീരി പണ്ഡിറ്റുകൾക്ക് ഊഷ്മളമായ സ്വീകരണം നൽകാനും അദ്ദേഹം മുസ്‌ലിം വിഭാഗത്തോട് ആവശ്യപ്പെട്ടു.

മേഖലയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 1990ൽ കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്ന് പലായനം ചെയ്തിരുന്നു. കശ്മീരി പണ്ഡിറ്റുകളും മുസ്‌ലിം സമുദായങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നതിനാൽ പാലായനം ചെയ്തവർക്ക് തിരികെ കശ്മീരി താഴ്‌വരയിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല.

 

 

 

 

Content Highlight : Time to heal wounds of past’: Mirwaiz Umar calls for return of Pandits to Kashmir