വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ അവര്‍ പ്രവേശിച്ചു: ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം ടൈം മാഗസിനിലും
sabarimal women entry
വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ അവര്‍ പ്രവേശിച്ചു: ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം ടൈം മാഗസിനിലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th January 2019, 4:35 pm

കോഴിക്കോട്: ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനത്തെക്കുറിച്ച് ടൈം മാഗസിനില്‍ ലേഖനം. “ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളുടെ പേരില്‍ വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ അവര്‍ പ്രവേശിച്ചു. ഇപ്പോള്‍ അവര്‍ ഒളിവിലാണ്” എന്ന തലക്കെട്ടിലാണ് ലേഖനം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുപക്ഷവും വലതുപക്ഷവുമായുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടമായി ശബരിമല പ്രതിഷേധങ്ങള്‍ മാറിയിട്ടുണ്ടെന്നും രോഹിണി മോഹന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

” മോദിയുടെ ഹിന്ദു ദേശീയവാദ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ് പ്രതിഷേധക്കാരിലേറെയും. വിദ്യാസമ്പന്നരും, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ ഒരുപാടുമുള്ള പ്രദേശമായ കേരളത്തില്‍ ചരിത്രപരമായി ഒട്ടും രാഷ്ട്രീയ സ്വാധീനമില്ലാത്ത പാര്‍ട്ടിയാണിത്. എന്നാലിപ്പോള്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലപാടെടുത്തുകൊണ്ട് കേരള രാഷ്ട്രീയത്തിലേക്ക് വഴികണ്ടെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.” എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാമൂഹ്യ പരിഷ്‌കരണത്തിനുവേണ്ടി ശ്രമിച്ചിട്ടുള്ളവര്‍ക്കുനേരെ ജനങ്ങള്‍ എല്ലായ്‌പ്പോഴും ഈ രിതിയിലാണ് പ്രതികരിച്ചിട്ടുള്ളതെന്നാണ് തങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കനകദുര്‍ഗ പറഞ്ഞതെന്ന് ലേഖനത്തില്‍ പറയുന്നു. “തുല്യത നേടാന്‍ എന്താണിത്ര തിടുക്കം, എന്തിനാണ് നിങ്ങള്‍ രണ്ടുപേര്‍ പോകുന്നത്, എന്തിന് ഇന്നു പോകുന്നു, നാളെ പൊയ്ക്കൂടാ തുടങ്ങിയ ചോദ്യങ്ങളാണ് ഞങ്ങള്‍ക്കുനേരെ ഉയരുന്നത്. തെരുവിലിറങ്ങിയ സഹോദരരോട് എനിക്കു പറയാനുള്ളത് അല്പം സഹിഷ്ണുത കാണിക്കൂവെന്നാണ്. ഞങ്ങളുടെ പേരിലുള്ള അക്രമം അവസാനിപ്പിക്കൂവെന്നാണ്.” കനകദുര്‍ഗ പറയുന്നു.

തന്റെ രാഷ്ട്രീയ ബോധമാണ് തന്നെ ശക്തയാക്കിയതെന്നാണ് ബിന്ദു പറയുന്നത്. “എന്റെ രാഷ്ട്രീയ ബോധമാണ് എന്നെ ശക്തയാക്കിയത്. പക്ഷേ മാധ്യമങ്ങള്‍ എന്റെ ഇമേജ് കളങ്കപ്പെടുത്താന്‍ അത് ഉപയോഗിക്കുന്നു.” അവര്‍ പറഞ്ഞതായി ലേഖനത്തില്‍ പറയുന്നു.