| Friday, 10th May 2019, 10:34 am

'ഇന്ത്യയെ ഭിന്നിപ്പിക്കലിന്റെ തലവന്‍'; 2012 മുതല്‍ 2019 വരെ; ടൈം മാഗസിന്‍ കണ്ട മോദി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഇന്ത്യയെ ഭിന്നിപ്പിക്കലിന്റെ തലവന്‍’ എന്നു വിശേഷിപ്പിച്ച് ടൈം മാഗസിന്‍. മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനത്തിന്റെ ഈ തലക്കെട്ടും മോദിയുടെ കാരിക്കേച്ചറുമാണ് അമേരിക്കന്‍ ന്യൂസ് മാഗസിനായ ടൈമിന്റെ ഈ ലക്കം കവറില്‍ നിറഞ്ഞുനില്‍ക്കുന്നത്.

മേയ് 20-നു പുറത്തിറങ്ങാനിരിക്കുന്ന മാഗസിന്റെ കവര്‍ ഇതിനോടകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍ ആദ്യമായല്ല മോദി ടൈം മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെടുന്നതെന്നതും ഇതിനുമുന്‍പ് എങ്ങനെയാണ് അവര്‍ മോദിയോടു പുലര്‍ത്തിയ സമീപനമെന്നും ശ്രദ്ധേയമാണ്.

(മേയ് 20-ന് പുറത്തിറങ്ങാനിരിക്കുന്ന മാഗസിന്റെ കവര്‍)

മൂന്നുവര്‍ഷത്തെ വ്യത്യാസമായിരുന്നു മോദി പ്രത്യക്ഷപ്പെട്ട ആദ്യ രണ്ട് കവറുകളും തമ്മില്‍ ഉണ്ടായിരുന്നത്. അതില്‍ ആദ്യത്തേത് 2012-ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു. വിമര്‍ശിക്കപ്പെടാനായിരുന്നില്ല ആ വരവ്. 10 വര്‍ഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കേ അവിടെ മോദി നടപ്പാക്കിയ വികസനത്തെ അഭിനന്ദിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അതേസമയം തന്നെ വിവാദങ്ങളുണ്ടാക്കുന്ന, അതിമോഹിയായ, സാമര്‍ഥ്യമുള്ള രാഷ്ട്രീയക്കാരനായും അവര്‍ മോദിയെ വിശേഷിപ്പിച്ചു. അതോടെ ടൈം മാഗസിന്റെ കവറില്‍ സ്ഥാനം പിടിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രാദേശിക നേതാവായി മോദി മാറി. ‘മോദി എന്നാല്‍ വ്യവസായം; പക്ഷേ അദ്ദേഹത്തിന് ഇന്ത്യ ഭരിക്കാനാകുമോ?’ എന്നായിരുന്നു അന്നത്തെ കവറിന്റെ തലക്കെട്ട്.

(2015- -ലെ കവര്‍)

അടുത്തത് 2015-ലായിരുന്നു. ‘വൈ മോദി മാറ്റേഴ്‌സ്’ എന്ന തലക്കെട്ടോടുകൂടിയുള്ള കവറില്‍ മോദിയുടെ ഒരു പൂര്‍ണചിത്രമാണുണ്ടായിരുന്നത്. മോദിയുമായുള്ള എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാന്‍ മോദിക്കു കഴിയുമോ എന്ന ചോദ്യവും അവരതിന്റെ കൂടെ നല്‍കി.

അതില്‍ നിന്നും തികച്ചും ഭിന്നമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കവര്‍. നാലുവര്‍ഷത്തിനുശേഷം മോദിയുടെ പ്രതിച്ഛായ കൂപ്പുകുത്തിയതിന് ഉദാഹരണം കൂടിയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ പുതിയ ലക്കം.

(2012- -ലെ കവര്‍)

We use cookies to give you the best possible experience. Learn more