ന്യൂദല്‍ഹി: സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പിന്‍വലിക്കുകയോ വ്യവസ്ഥകള്‍ ലഘൂകരിക്കുകയോ ചെയ്യാനുള്ള സമയമായില്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അഫ്‌സ്പ നിയമത്തിലെ ചില വകുപ്പുകള്‍ എടുത്തു മാറ്റുകയോ ലഘൂകരിക്കുകയോ ചെയ്യാന്‍ പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷം നിലനില്‍ക്കുന്ന ജമ്മു കശ്മീര്‍ പോലെയുള്ള സ്ഥലങ്ങളില്‍ സൈനികനടപടികള്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഘടമായ സാഹചര്യങ്ങളെ നേരിടാന്‍ അഫ്‌സ്പ സൈന്യത്തെ സഹായിക്കും. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മികച്ച പാരമ്പര്യമാണ് സൈന്യത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരര്‍ക്കെതിരായ സൈനികനടപടികള്‍ക്കായി സൈന്യത്തിന്റെ പക്കല്‍ വേറെ മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ അവ വെളിപ്പെടുത്താനാകില്ലെന്നും റാവത്ത് പറഞ്ഞു. പാകിസ്താനുള്ള പരോക്ഷ മറുപടി കൂടിയായിരുന്നു ജനറലിന്റെ പ്രസ്താവനകള്‍. നേരത്തേ കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
കശ്മീരിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചാണ് പാകിസ്താന്‍ അനുശോചനകുറിപ്പ് പുറത്തിറക്കിയത്. സമാധാനപരമായി പ്രതിഷേധിക്കുന്ന, നിരായുധരായ സാധാരണക്കാരെ നശീകരണ സ്വഭാവമുള്ള ആയുധങ്ങള്‍ കൊണ്ടും നേരിട്ടും വെടിയുതിര്‍ത്തുമാണ് സൈന്യം നേരിടുന്നതെന്ന് പാകിസ്താന്‍ ആരോപിച്ചു.
കശ്മീരികള്‍ക്കെതിരെ ദിനംപ്രതിയെന്നവണ്ണമുണ്ടാകുന്ന ആക്രമണത്തിന്റെ പുതിയ ഉദാഹരണമാണ് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം. കശ്മീരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സംസ്ഥാനത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര സമൂഹം പ്രതികരിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.