ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് സ്ത്രീകള്‍ വരേണ്ടതുണ്ടെന്ന് ബാന്‍ കി മൂണ്‍. സെക്രട്ടറി പദവിയില്‍ ബാന്‍ കി മൂണിന്റെ കാലാവധി അടുത്ത വര്‍ഷം കഴിയാനിരിക്കെയാണ് തന്റെ പിന്‍ഗാമിയായി സ്ത്രീകള്‍ രംഗത്ത് വരണമെന്ന് ബാന്‍ കി മൂണ്‍ ആഗ്രഹ പ്രകടിപ്പിച്ചത്.
അടുത്ത സെക്രട്ടറി ജനറല്‍ ആരെന്ന് തീരുമാനിക്കേണ്ടത് ബാന്‍ കി മൂണ്‍ അല്ലെന്നും എന്നാല്‍ ഒരു വനിതയെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി വക്താവായ ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.
2007 ജനുവരിയിലായിരുന്നു ബാന്‍ കി മൂണ്‍ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് എത്തിയിരുന്നത്. ഇതിന് ശേഷം 2011ലും സഭയുടെ തലപ്പത്തേക്ക് ബാന്‍ കി മൂണ്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2016 ഡിസംബര്‍ വരെയാണ് സെക്രട്ടറി ജനറല്‍ സ്ഥാനത്ത് അദ്ദേഹത്തിന്റെ കാലാവധി.
യു.എന്‍ സെക്രട്ടറി ജനറലിനെ നിയമിക്കുന്ന കാര്യത്തില്‍ വീറ്റോ രാജ്യങ്ങള്‍ക്കുള്ള അപ്രമാദിത്വം സംബന്ധിച്ച് മറ്റ് അംഗ രാജ്യങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുതാര്യമാക്കാനുള്ള ശ്രമത്തിലാണ് ഐക്യരാഷ്ട്രസഭ.
പുതിയ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വനിതകളെ പരിഗണിക്കുന്ന കാര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പിന്തുണ അറിയിച്ചിരുന്നു.