ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നു; ഇന്ത്യയ്ക്കായി ലോകരാജ്യങ്ങള്‍ ഒന്നിക്കണം: ഐക്യരാഷ്ട്ര സഭ
World News
ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നു; ഇന്ത്യയ്ക്കായി ലോകരാജ്യങ്ങള്‍ ഒന്നിക്കണം: ഐക്യരാഷ്ട്ര സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 10:47 pm

വാഷിംഗ്ടണ്‍: നിലവിലെ ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ വോള്‍ക്കന്‍ ബോസ്‌കിര്‍. ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ബോസ്‌കിറിന്റെ പ്രതികരണം.

ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നെ ആശങ്കപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ മുന്നില്‍ നിന്ന രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം നല്‍കേണ്ട സമയമാണിത്. എല്ലാവരും സുരക്ഷിതരാകുന്നത് വരെ നമുക്ക് പോരാടിയേ മതിയാകൂ,’ ബോസ്‌കിര്‍ ട്വിറ്ററിലെഴുതി.

 

അതേസമയം കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുക്കമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പറഞ്ഞത്.

ഇന്ത്യയെ സഹായിക്കുന്നതിന് ആവശ്യമായ ജീവന്‍ രക്ഷാ ഉപകരണങ്ങളും സഹായവും അടിയന്തരമായി അയയ്ക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്നും ബൈഡനും ഹാരിസും ഉറപ്പ് നല്‍കിയിരുന്നു.

‘പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ തന്നെ നമ്മുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ഇന്ത്യയെ ആവശ്യമുള്ള സമയത്ത് സഹായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചതാണ്,’ ബൈഡന്‍ പറഞ്ഞു.

വേഗത്തില്‍ സഹായവും പിന്തുണയും നല്‍കാന്‍ യു.എസ് ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമലാ ഹാരിസ് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയും ധീരരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയും തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായി കമലാ ഹരിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്. ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അതി രൂക്ഷമാണ്. ഓക്‌സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content  Highlights; Time For World To Help India Says UNO