| Tuesday, 16th February 2021, 8:56 am

'എത്രനാള്‍ അമേരിക്കയുടെ ജനാധിപത്യ സഖ്യകക്ഷിയാണ് ഇന്ത്യ എന്ന് ബൈഡന്‍ നടിക്കും'; മുസ്‌ലിം വിദ്വേഷത്തെയും, ബി.ജെ.പി സര്‍ക്കാരിനെയും വിമര്‍ശിച്ച് ടൈം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചാ വിഷയമാകുന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു മേല്‍ സമ്മര്‍ദ്ദം ഏറുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ വിഷയങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ബൈഡന്‍ വിഷയത്തില്‍ പ്രതികരിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ന്നുവരുന്നത്.

ഇപ്പോള്‍ ” എത്രനാള്‍ അമേരിക്കയുടെ ജനാധിപത്യ സഖ്യകക്ഷിയാണ് ഇന്ത്യ എന്ന് ബൈഡന്‍ നടിക്കും?’ എന്ന തലക്കെട്ടിലാണ് ടൈമില്‍ ലേഖനം വന്നിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് ലൗജിഹാദ് നിയമം, കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയുടെ അറസ്റ്റ്, മാധ്യമപ്രവര്‍ക്കന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളും ടൈം ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

” ബൈഡന് ഏറെ നാള്‍ മൗനം പാലിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ പൗര സ്വാതന്ത്ര്യത്തിനുമേല്‍ വലിയ ആക്രമണം നടക്കുന്ന സമയത്താണ് അദ്ദേഹം അധികാരമേല്‍ക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചാല്‍ ഇപ്പോള്‍ ജയിലിലിടും. പറയാത്ത തമാശയുടെ പേരില്‍ മുസ്‌ലിം കൊമേഡിയനെയും ജയിലിലടക്കും. സ്വന്തം പണിചെയ്തതിന്റെ പേരില്‍ മുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെയും ജയിലിലടക്കും,” ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യ അടിത്തറയെക്കുറിച്ച് സംസാരിക്കണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. നരേന്ദ്ര മോദി രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ പൗരസ്വതന്ത്ര്യത്തിന് മേല്‍ കടന്നു കയറുകയാണെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

”വിദ്വേഷ പ്രസംഗം ഇന്ത്യയില്‍ കൂടുകയാണ്. വിയോജിപ്പിനുള്ള അവകാശം കുറ്റകരമാകുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും പരിധികള്‍ വെച്ചിരിക്കുന്നു. രാഷ്ട്രീയ തടവുകാരെ കൊണ്ട് ജയിലുകള്‍ നിറയുകയാണ്. ഇതൊന്നും നിയമ വ്യവസ്ഥ പരിഗണിക്കുന്നുമില്ല,” ടൈം മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Time Criticizes Biden’s silence on Modi Governments attack on Democracy

We use cookies to give you the best possible experience. Learn more