ദി ഹണ്‍ഡ്രഡില്‍ ബെര്‍മിങ്ഹാം ഫീനിക്‌സിന് മുമ്പില്‍ പറന്നുയരാന്‍ സാധിക്കാതെ ട്രെന്റ് റോക്കറ്റ്‌സ്. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഫീനിക്‌സ് വിജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ട്രെന്റ് റോക്കറ്റ്‌സ് ബെര്‍മിങ്ഹാമിന് മുമ്പില്‍ പരാജയപ്പെടുന്നത്.
റോക്കറ്റ്‌സ് ഉയര്‍ത്തിയ 119 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റും ഏഴ് പന്തും ബാക്കി നില്‍ക്കെ ബെര്‍മിങ്ഹാം മറികടക്കുകായിരുന്നു.
സൂപ്പര്‍ പേസര്‍ ടിം സൗത്തിയുടെ കരുത്തിലാണ് ബെര്‍മിങ്ഹാം വിജയിച്ചുകയറിയത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ബെര്‍മിങ്ഹാമിനായി.
റോക്കറ്റ്‌സിനെതിരെ 20 പന്തെറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് സൗത്തി തിളങ്ങിയത്. വഴങ്ങിയതാകട്ടെ വെറും 12 റണ്‍സും.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോക്കറ്റ്‌സിന് 100 പന്തില്‍ 118 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വിക്കറ്റ് കീപ്പര്‍ ടോം ബാന്റണും ഇതിഹാസ താരം ജോ റൂട്ടും റണ്‍സെടുക്കാന്‍ സാധിക്കാതെ വിഷമിച്ചപ്പോള്‍ ടോം അല്‍സോപ്പിന്റെ ചെറുത്തുനില്‍പ്പാണ് മഞ്ഞപ്പടയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
37 പന്ത് നേരിട്ട് 51 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പക്ഷേ ആ കാട്ടുതീയും സൗത്തിക്ക് മുമ്പില്‍ എരിഞ്ഞടങ്ങുകയായിരുന്നു.
29 പന്തില്‍ 29 റണ്‍സ് നേടിയ ഇമാദ് വസീം മാത്രമാണ് റോക്കറ്റ്‌സ് നിരയില്‍ രണ്ടക്കം കണ്ട മറ്റൊരു താരം.
ടോം ബാന്റണെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് താരം വിക്കറ്റ് വേട്ട ആരംഭിച്ചത്. അധികം വൈകാതെ നാല് പന്തില്‍ റണ്‍സ് നേടിയ ജോ റൂട്ടിനെ ഷോണ്‍ അബോട്ടിന്റെ കൈകളിലെത്തിച്ച് താരം രണ്ടാം വിക്കറ്റും നേടി.
ശേഷം അവസാന അഞ്ച് പന്തിലാണ് താരം മൂന്ന് വിക്കറ്റും നേടിയത്. അര്‍ധ സെഞ്ച്വറിയുമായി കുതിച്ചുപാഞ്ഞ ടോം അല്‍സോപ്പിനെ ഡാന്‍ മൂസ്‌ലിയുടെ കൈകളിലെത്തിച്ച് പുറത്താക്കിയ താരം ക്യാപ്റ്റന്‍ ലൂയീസ് ഗ്രിഗറിയെ ജേകബ് ബേഥലിന്റെ കൈകളിലെത്തിച്ചും സാം കുക്കിനെ ഗോള്‍ഡന്‍ ഡക്കാക്കിയും പുറത്താക്കി.
മത്സരത്തില്‍ താരത്തിന് ഹാട്രിക് നേടാനുള്ള അവസരവുമുണ്ടായിരുന്നു. മത്സരത്തിന്റെ 98ാം പന്തിലാണ് താരം മത്സരത്തിലെ അഞ്ചാം വിക്കറ്റും തുടര്‍ച്ചയായ രണ്ടാം പന്തില്‍ വിക്കറ്റും നേടുന്നത്.
99ാം പന്തില്‍ വിക്കറ്റ് നേടിയാല്‍ ഹാട്രിക്കിനൊപ്പം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോഡും സൗത്തിയുടെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.
സൗത്തിയുടെ കലക്കന്‍ ഡെലിവെറി ഡിഫന്‍ഡ് ചെയ്യാനായിരുന്നു സ്‌ട്രൈക്കിലെത്തിയ ജോണ്‍ ടര്‍ണറിന്റൈ ശ്രമം. എന്നാല്‍ കൃത്യമായി പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ താരത്തിന് സാധിച്ചില്ല, പന്ത് പാഡില്‍ കൊള്ളുകയും ചെയ്തു.
എല്‍.ബി.ഡബ്ല്യൂവിനായി ഫീനിക്‌സ് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. ഇതോടെ ടീം ഒന്നാകെ സൗത്തിയുടെ ഹാട്രിക് നേട്ടം ആഘോഷിക്കുന്ന തിരക്കിലായി. എന്നാല്‍ ഇതിനിടെ ഡി.ആര്‍.എസിലൂടെ താന്‍ ഔട്ടല്ലെന്ന് ടര്‍ണര്‍ സ്ഥാപിച്ചതോടെ സൗത്തിയുടെ ഹാട്രിക് മോഹവും ഇല്ലാതായി.
ഇന്നിങ്‌സിലെ അവസാന പന്തില്‍ ടര്‍ണര്‍ റണ്‍ ഔട്ടാവുകയും ചെയ്തു.
ദി ഹണ്‍ഡ്രഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് ബൗളിങ് ഫിഗര്‍ എന്ന നേട്ടവും ഈ മത്സരത്തിലൂടെ സൗത്തി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന്റെ കാല്‍വിന്‍ ഹാരിസണാണ് ഈ പട്ടികയിലെ ഒന്നാമന്‍. സൗത്തിയേക്കാള്‍ ഒരു റണ്‍സ് മാത്രം കുറവ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയാണ് താരം റെക്കോഡിട്ടത്.
സൗത്തിക്ക് പുറമെ ക്രിസ് വുഡ് രണ്ട് വിക്കറ്റും നേടി.
അതേസമയം, റോക്കറ്റ്‌സ് ഉയര്‍ത്തിയ 119 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റും ലിയാം ലിവിങ്‌സ്റ്റണും ജേകബ് ബേഥലും ചേര്‍ന്ന് അനായാസം മറികടക്കുകയായിരുന്നു.
സൗത്തിയാണ് കളിയിലെ താരം.
ഓഗസ്റ്റ് 16നാണ് ബെര്‍മിങ്ഹാമിന്റെ അടുത്ത മത്സരം. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സാണ് എതിരാളികള്‍.
Content highlight: Tim Southee’s brilliant bowling spell in The Hundred