|

ലോകകപ്പില്‍ ഒന്നാമനായ കോഹ്‌ലിയല്ല, ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനെ തെരഞ്ഞെടുത്ത് സൗത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി 19നാണ് ടൂര്‍ണമെന്റിന്റെ പുതിയ എഡിഷന് തുടക്കമാകുന്നത്. കറാച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ടൂര്‍ണമെന്റിന്റെ ആതിഥേയരുമായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും.

2023 ഏകദിന ലോകകപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ട്രോഫിക്കായി പോരാടുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമല്ല.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തി. മുന്‍ ഇന്ത്യന്‍ നായകനും 2023 ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനുമായ വിരാട് കോഹ്‌ലി, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ പാക് നായകന്‍ ബാബര്‍ അസം എന്നിവരെയടക്കം മറികടന്നുകൊണ്ടാണ് സൗത്തി റണ്‍വേട്ടക്കാരനെ കുറിച്ചുള്ള തന്റെ തെരഞ്ഞെടുപ്പ് നടത്തുന്നത്.

ടിം സൗത്തി

ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണോ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡോ ആയിരിക്കും ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ എന്നാണ് സൗത്തി അഭിപ്രായപ്പെടുന്നത്.

ഐ.സി.സി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സൗത്തി ഇക്കാര്യം പറയുന്നത്.

‘പാകിസ്ഥാനിലെ വിക്കറ്റുകള്‍ ബാറ്റിങ്ങിന് അനുകൂലമാണ്. കെയ്ന്‍ വില്യസണ്‍ ഈ റണ്‍വേട്ടയില്‍ മുമ്പിലുണ്ടാകുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവും പരിചയസമ്പത്തും വ്യത്യസ്ത സാഹചര്യങ്ങളിലെ അദ്ദേഹത്തിന്റെ വിജയങ്ങളും വേറിട്ടുനില്‍ക്കുന്നതാണ്.

കെയ്ന്‍ വില്യസണ്‍

ഏകദിനത്തില്‍ അദ്ദേഹത്തിന് മികച്ച ട്രാക്ക് റെക്കോഡുകളാണുള്ളത്. ന്യൂസിലാന്‍ഡ് ടൂര്‍ണമെന്റില്‍ മികച്ചുനില്‍ക്കണമെങ്കില്‍ കെയ്ന്‍ വില്യംസണ്‍ റണ്‍സ് നേടിയേ മതിയാകൂ.

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനും സാധ്യതകളുണ്ട്. അദ്ദേഹം വളരെ അപകടകാരിയായ താരമാണെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ മികച്ചുനിന്നിരുന്നു. പാകിസ്ഥാനിലെ ബാറ്റിങ് പിച്ചുകളില്‍ കളിക്കുന്നത് അദ്ദേഹം ഏറെ ആസ്വദിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ട്രാവിസ് ഹെഡ്

ചരിത്രം പരിശോധിക്കുമ്പോള്‍ വേള്‍ഡ് ഇവന്റുകളില്‍ ഓസ്‌ട്രേലിയ എന്നും മുന്നിട്ടുനിന്നതായി കാണാം. ഇക്കാരണം കൊണ്ടുതന്നെ ഓസ്‌ട്രേലിയ അവസാനം വരെ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ സൗത്തി പറഞ്ഞു.

Content highlight: Tim Southee predicts top scorers of ICC Champions Trophy 2025

Video Stories