| Thursday, 22nd August 2024, 1:02 pm

മുമ്പുള്ളതിനേക്കാള്‍ അപകടകാരി, എല്ലാ ഫോര്‍മാറ്റിലെയും ഒന്നാമന്‍ അവനാണ്: ടിം സൗത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തി. മുമ്പുള്ളതിനേക്കാള്‍ മികച്ച രീതിയിലാണ് ബുംറ ഇപ്പോള്‍ പന്തെറിയുന്നതെന്നും എല്ലാ ഫോര്‍മാറ്റിലും ഒന്നാമനാണെന്നും സൗത്തി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡില്‍ ഏറ്റവും മികച്ച ടി-20 ബൗളര്‍ക്കുള്ള പുരസ്‌കാരം ഏറ്റവുവാങ്ങവെയാണ് സൗത്തി ഇന്ത്യന്‍ ഏയ്‌സിനെ പ്രശംസകൊണ്ട് മൂടിയത്.

‘വലിയ ഒരു പരിക്കില്‍ നിന്ന് മടങ്ങി വരാനും ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാനും സാധിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ആദ്യമുള്ളതിനേക്കാള്‍ മികച്ചുനില്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കും.

എല്ലാത്തിനുമുപരിയായി ഒന്നിലധികം ഫോര്‍മാറ്റുകള്‍ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ബുംറ അതും അനായാസകരമായി ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ഒരുപക്ഷേ, അദ്ദേഹം കൂടുതല്‍ പരിചയസമ്പത്തുള്ള താരമായതിനാലായിരിക്കണം, അദ്ദേഹം കളിയെ കൂടുതല്‍ മനസിലാക്കുന്നു. പരിക്കേറ്റ സയമത്തായിരിക്കണം കൂടുതല്‍ ഉന്മേഷവാനായി തിരിച്ചുവരാന്‍ അദ്ദേഹത്തിന് സാധിച്ചത്.

എല്ലാ ഫോര്‍മാറ്റിലും ബുംറയുടെ ഏറ്റവും മികച്ച വേര്‍ഷനാണ് എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നിലവില്‍ ബുംറയേക്കാള്‍ മികച്ച ഒരാളുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ചവനാണ്,’ സൗത്തി കൂട്ടിച്ചേര്‍ത്തു.

ബുംറയുടെ ബൗളിങ് മികവിനെ പുകഴ്ത്തി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും നേരത്തെ സംസാരിച്ചിരുന്നു.

‘ഞാന്‍ വളരെ കാലമായി പറയുന്നു കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മള്‍ട്ടിഫോര്‍മാറ്റ് ബൗളര്‍ അദ്ദേഹമാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റപ്പോള്‍ അവന് തിരിച്ചുവരാന്‍ സാധിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവന്‍ കൂടുതല്‍ മികച്ചതായി തിരിച്ചുവരികയായിരുന്നു. ടി-20 ലോകകപ്പില്‍ അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ ഞാന്‍ കണ്ടതാണ്. അവന്‍ പന്തെറിയുമ്പോഴുള്ള വേഗതയിലും കൃത്യതയിലും ഒരു മാറ്റവുമില്ല. അവന്‍ വര്‍ഷം തോറും മെച്ചപ്പെടുന്നു,’ റിക്കി പോണ്ടിങ് പറഞ്ഞു.

ഈ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായിമാറാനും ബുംറക്ക് സാധിച്ചിരുന്നു.

Content highlight: Tim Southee praises Jasprit Bumrah

We use cookies to give you the best possible experience. Learn more