2024 ടി-20 ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയത്തോടെ വിട ചൊല്ലി ന്യൂസിലാന്‍ഡ്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കിവികള്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
കിവീസ് മുന്നില്‍ പപ്പുവ ന്യൂ ഗിനിക്ക് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ സൂപ്പര്‍ താരം ടോണി ഉരയെ പി.എന്‍.ജിക്ക് നഷ്ടമായി. രണ്ട് പന്തില്‍ ഒരു റണ്‍സാണ് താരം നേടിയത്. 16 പന്തില്‍ ആറ് റണ്‍സ് നേടി ക്യാപ്റ്റന്‍ അസദ് വാലയും പുറത്തായി. ടോണി ഉരയെ ടിം സൗത്തി മടക്കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസനാണ് ക്യാപ്റ്റനെ പുറത്താക്കിയത്. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ 25 പന്തില്‍ 17 റണ്‍സ് നേടിയ അമിനി പുറത്തായി. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ എറിഞ്ഞ 24 പന്തിലും റണ്‍സ് വഴങ്ങാതിരുന്ന ഫെര്‍ഗൂസനാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്.
A win to end the @T20WorldCup campaign. Catch up on all scores | https://t.co/zAVw361Pxb 📲 #T20WorldCup #NZvPNG pic.twitter.com/UAH7dGZE4S
— BLACKCAPS (@BLACKCAPS) June 17, 2024
ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടീം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മിച്ചല്‍ സാന്റ്‌നറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയ ടിം സൗത്തി 2.75 എന്ന എക്കണോമിയിലാണ് പന്ത് എറിഞ്ഞത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡു സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.
ഐ.സി.സിയുടെ ടി-20 ലോകകപ്പില്‍ ഒരു പേസര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് താരത്തെ തേടി വന്നിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഒന്നാമത് ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയാണ്.
ഐ.സി.സിയുടെ ടി-20 ലോകകപ്പില്‍ ഒരു പേസര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ലസിത് മലിംഗ – 38
ടിം സൗത്തി – 36*
ഉമര്‍ ഗുല്‍ – 35
ട്രന്റ് ബോള്‍ട്ട് – 34
ഈ ലിസ്റ്റില്‍ നാലാമതുള്ള കിവീസിന്റെ സ്റ്റാര്‍ ബൗളര്‍ ബോള്‍ട്ടിന്റെ അവസാനത്തെ ലോകകപ്പാണ് ഇതെന്നും മറ്റൊരു പ്രത്യേകതയാണ്. നേരത്തെ താരം വിരമിക്കുമെന്ന് പറഞ്ഞിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കം പാളി. ഫിന്‍ അലന്‍ സില്‍വര്‍ ഡക്കായി മടങ്ങിയപ്പോള്‍ മൂന്നാം നമ്പറിലെത്തിയ രചിന്‍ രവീന്ദ്ര 11 പന്തില്‍ ആറ് റണ്‍സും സ്വന്തമാക്കി മടങ്ങി. എന്നാല്‍ ഡെവോണ്‍ കോണ്‍വേ (32 പന്തില്‍ 35), കെയ്ന്‍ വില്യംസണ്‍ (17 പന്തില്‍ പുറത്താകാതെ 18), ഡാരില്‍ മിച്ചല്‍ (12 പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ കിവികളെ വിജയത്തിലേക്ക് നയിച്ചു.
നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് തോല്‍വിയുമായി നാല് പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കിവികള്‍ ഫിനിഷ് ചെയ്തത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടം താണ്ടാന്‍ സാധിക്കാതെ പുറത്താകുന്നത്.
Conten5t Highlight: Tim Southee In Record Achievement In 2024 t20 World Cup