| Wednesday, 27th September 2023, 11:59 am

സ്‌ട്രോങ്ങായ ടീമിനെ ഡബിള്‍ സ്‌ട്രോങ്ങാക്കാന്‍ അവന്‍ തിരിച്ചുവരുന്നു; പകരം വീട്ടാന്‍ കിവികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിലേക്ക് പേസർ ടിം സൗത്തി തിരിച്ചെത്തി. രണ്ടാഴ്ച മുമ്പാണ് സൗത്തി പരിക്കിന്റെ പിടിയിലായത്. അതിനാൽ താരത്തിന് ലോകകപ്പ് നഷ്ടമാവും എന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ സൗത്തിയുടെ ഈ തിരിച്ചുവരവ് ലോകകപ്പിന് മുമ്പേ ന്യൂസിലാൻഡ് ടീമിന് കൂടുതൽ ആശ്വാസമാണ് നൽകുന്നത്.

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ടിന്റെ ക്യാച്ച് എടുക്കുന്നതിനിടയിലാണ് താരത്തിന് പരിക്ക് സംഭവിച്ചത്. കിവീസ് ടീമിലേക്കുള്ള ടിം സൗത്തിയുടെ മടങ്ങി വരവ് ടീമിന് കൂടുതൽ കരുത്ത് നൽകും.

പേസ് നിരയിൽ ട്രെൻന്റ് ബോൾട്ട്, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ എന്നിവരോടൊപ്പം ടിം സൗത്തി കൂടിചേരുമ്പോൾ കിവീസ് ബൗളിങ്ങിന് മൂർച്ച കൂടും.

ന്യൂസിലാൻഡിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ മൂന്നാമത്തെ താരമാണ് ടിം സൗത്തി. 2008ൽ ന്യൂസിലാൻഡിനു വേണ്ടി ഏകദിനത്തിൽ അരങ്ങേറിയ താരം 187 മത്സരങ്ങളിൽ നിന്നും 214 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പിന്റ വേദിയായ ഇന്ത്യൻ മണ്ണിൽ 16 മത്സരങ്ങളിൽ നിന്നും 25 വിക്കറ്റുകളും താരം നേടി.

ലോകകപ്പിനു മുമ്പായുള്ള ന്യൂസിലാൻഡ് ബംഗ്ലാദേശ് ഏകദിന പരമ്പര 2-0 ത്തിന് ബ്ലാക്ക് ക്യാപ്സ് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ 86 റൺസിനും, മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനും വിജയിച്ചുകൊണ്ടാണ് കിവീസ് പരമ്പര നേടിയത്.

2008ന് ശേഷം ആദ്യമായാണ് ബംഗ്ലാദേശിൽ വെച്ച് ന്യൂസിലാൻഡ് പരമ്പര നേടുന്നത്.

ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 29ന് പാകിസ്ഥാനെതിരെയും ഒക്ടോബർ 2ന് സൗത്ത് ആഫ്രിക്കക്കെതിരെയും ന്യൂസിലാൻഡ് സന്നാഹ മത്സരങ്ങൾ കളിക്കും.

ലോകകപ്പിൽ ഒക്ടോബർ 5ന് ഇംഗ്ലണ്ടിനെതിരെയാണ് ബ്ലാക്ക് ക്യാപ്സിന്റെ ആദ്യ മത്സരം.

Content Highlight: Tim southee back to the new zealand worldcup squad.

We use cookies to give you the best possible experience. Learn more