| Friday, 21st April 2023, 9:04 am

മെസിയും റൊണാള്‍ഡോയും ഇനി ബാലണ്‍ ഡി ഓര്‍ നേടില്ല; കാരണം വ്യക്തമാക്കി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയെയും റൊണാള്‍ഡോയെയും പിന്തള്ളി റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സെമയാണ് 2022ല്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യത്തെ ബാലണ്‍ ഡി ഓര്‍ ആണിത്. സിനദിന്‍ സിദാന് ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് താരം ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

നിലവില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെന്‍സെമ ബാലണ്‍ ഡി ഓര്‍ അടിക്കുമെന്ന് ഫുട്ബോളിനകത്തും പുറത്തും പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗ മത്സരങ്ങളിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിരുന്നത്. അതായിരുന്നു ബാലണ്‍ ഡി ഓറിലേക്ക് താരത്തെ നയിച്ചതും.

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായിരുന്ന അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പേര് നോമിനേഷനില്‍ പോലുമില്ലായിരുന്നു. അതേസമയം അഞ്ച് വര്‍ഷം ബാലണ്‍ ഡി ഓര്‍ ജേതാവായിരുന്ന പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് 20ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇരുവരും കഴിഞ്ഞ സീസണില്‍ മോശം ഫോം കാഴ്ച വെച്ചതിനെ തുടര്‍ന്നാണ് റാങ്കിങ്ങില്‍ പിറകോട്ടായത്.

വിഷയത്തില്‍ പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ നിരീക്ഷകനായ ടിം ഷെര്‍വുഡിന്റെ പ്രതികരണം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. മെസിയുടെയും റൊണാള്‍ഡോയുടെയും കാലം കഴിഞ്ഞുവെന്നും ഇനി പുതിയ ആളുകളെ തേടിയാണ് ബാലണ്‍ ഡി ഓര്‍ എത്തുക എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഉദാഹരണമായി കിലിയന്‍ എംബാപ്പെയെയും ഹാലണ്ടിനെയുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മെസിയും റൊണാള്‍ഡോയും 30 വയസ് പിന്നിട്ടത് മാത്രമല്ല കാരണമെന്നും ഇരുവര്‍ക്കും പഴയ പോലെ കളിയില്‍ തുടരാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മെസിക്ക് അവസരമുണ്ടായേക്കാമെന്നും പി.എസ്.ജിയിലെ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പട്ട് വന്നിട്ടുണ്ടെന്നും ടിം കൂട്ടിച്ചേര്‍ത്തു.

പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 35മത്സരങ്ങള്‍ കളിച്ച മെസി 20 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും അക്കൗണ്ടിലാക്കി.

Content Highlights: Tim Sherwood states Lionel Messi and Cristiano Ronaldo won’t get Ballon d’Or anymore

We use cookies to give you the best possible experience. Learn more