| Friday, 22nd December 2023, 12:55 pm

വെറും മൂന്ന് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍... 64 പന്തില്‍ 139; ഞെട്ടിച്ച് ന്യൂസിലാന്‍ഡിന്റെ 21കാരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബര്‍ഗര്‍ കിങ് സൂപ്പര്‍ സ്മാഷില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഫയര്‍ബേര്‍ഡ്‌സ് യുവതാരം ടിം റോബിന്‍സണ്‍. ടൂര്‍ണമെന്റിലെ ഓട്ടാഗോ വോള്‍ട്‌സ് – വെല്ലിങ്ടണ്‍ ഫയര്‍ബേര്‍ഡ്‌സ് മത്സരത്തിലാണ് റോബിന്‍സണ്‍ സെഞ്ച്വറിയടിച്ച് തിളങ്ങിയത്.

കഴിഞ്ഞ ദിവസം ബേസിന്‍ റിസര്‍വില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വെല്ലിങ്ടണ്‍ നായകന്‍ നിക്ക് കെല്ലി ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് വീണതോടെ ക്യാപ്റ്റന്റെ തീരുമാനം പാളിയെന്ന് ആരാധകര്‍ കരുതി. എന്നാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തി റോബിന്‍സണൊപ്പം നിക്ക് കെല്ലി സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം ഉള്ളപ്പോള്‍ ക്രീസിലൊത്തുചേര്‍ന്ന കെല്ലി-റോബിന്‍സണ്‍ കൂട്ടുകെട്ട് പിരിയുന്നത് 126ലാണ്. 34 പന്തില്‍ 48 റണ്‍സ് നേടിയ നിക്ക് കെല്ലിയെ പുറത്താക്കി ട്രാവിസ് മുള്ളറാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയെങ്കിലും മറുവശത്ത് നിന്നും റോബിന്‍സണ്‍ വെടിക്കെട്ട് തുടര്‍ന്നു.

ഒന്നാം പന്തില്‍ ക്രീസിലെത്തിയ റോബിന്‍സണ്‍ ഫയര്‍ബേര്‍ഡ് ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് പുറത്താകുന്നത്. ഇതിനിടെ നേരിട്ട 64 പന്തില്‍ നിന്നും 139 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പത്ത് വീതം സിക്‌സറും ഫോറും അടക്കം 217.9 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു റോബിസണിന്റെ വെടിക്കെട്ട്.

ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ഒരു നേട്ടവും ടിം റോബിന്‍സണെ തേടിയെത്തി. സൂപ്പര്‍ സ്മാഷിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് ഈ 21കാരന്‍ സ്വന്തമാക്കിയത്.

രണ്ട് സീസണ്‍ മുമ്പ് മൈക്കല്‍ ബ്രേസ്വെല്‍ അടിച്ചുകൂട്ടിയ 141 റണ്‍സാണ് ഇപ്പേഴും റെക്കോഡ് നേട്ടത്തില്‍ ഒന്നാമതായി തുടരുന്നത്.

അതേസമയം, ടിം റോബിന്‍സണിന്റെ സെഞ്ച്വറി കരുത്തില്‍ വെല്ലിങ്ടണ്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോ 16.5 ഓവറില്‍ 160 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ജേക് ഗിബ്‌സണ്‍ മാത്രമാണ് വോള്‍ട്‌സ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 31 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്.

ആറ് ഒട്ടാഗോ താരങ്ങള്‍ ഒറ്റയക്കത്തിന് പുറത്തായി. 15 പന്തില്‍ 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റാണ് ഗിബ്‌സണ് ശേഷം കൂടുതല്‍ റണ്‍സ് നേടിയ താരം.

വെല്ലിങ്ടണായി പീറ്റര്‍ യങ്ഹസ്ബന്‍ഡ്, ഇയാന്‍ മക്പീക് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ നഥാന്‍ സ്മിത്തും മൈക്കല്‍ സ്‌നെഡ്ഡനും രണ്ട് വിക്കറ്റ് വീതം നേടി.

വിജയത്തിന് പിന്നാലെ പുതിയ സീസണിന്റെ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്താനും വെല്ലിങ്ടണ് സാധിച്ചു. ഒരു മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ഫയര്‍ബേര്‍ഡ്‌സിനുള്ളത്. നാല് പോയിന്റുള്ള ഓക്‌ലാന്‍ഡ് ഏയ്‌സസാണ് രണ്ടാമത്.

ഡിസംബര്‍ 24നാണ് വെല്ലിങ്ടണിന്റെ അടുത്ത മത്സരം. ബേസിന്‍ റിസേര്‍വില്‍ നടക്കുന്ന മത്സരത്തില്‍ ഏയ്‌സസാണ് എതിരാളികള്‍.

Content highlight: Tim Robinson’s brilliant innings in Super Smash

We use cookies to give you the best possible experience. Learn more