കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ടിം ഡേവിഡ്. സിംഗപ്പൂര്‍ വംശജനായ ഡേവിഡിന് ഓസ്ട്രലിയന്‍ ടീമിനായി കളിക്കണമെന്നാണ് ആഗ്രഹം. ലോകമെമ്പാടുമുള്ള ടി-20 ലീഗുകളില്‍ മികച്ച പ്രകടനമാണ് ഡേവിഡ് നടത്താറുള്ളത്.
അവസാന ഓവറുകളില്‍ വന്ന് തല്ലിതകര്‍ക്കുന്ന ഫിനിഷറാണ് ഡേവിഡ്. കഴിഞ്ഞ സീസണില്‍ മുംബൈക്കായി മികച്ച ഫിനിഷിങ്ങായിരുന്നു താരം കാഴ്ചവെച്ചത്. ട്വന്റി 2- ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീമായിരുന്നു കിരീടം ചൂടിയത്. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലയെങ്കിലും കളിക്കാനുള്ള സാധ്യതയെകുറിച്ച് ആലോചിച്ച് ആവേശത്തിലാണ് താന്‍ എന്നാണ് ഡേവിഡ് പറയുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റ് ട്വിന്റി-20 ലീഗുകളേക്കാള്‍ കഠിനമായ വെല്ലുവിളിയാണെങ്കിലും കളിക്കാന്‍ അവസരം കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് നേടി, അതിനുശേഷം ആ ടീം മാറിയിട്ടില്ല. അവര്‍ വളരെക്കാലമായി ഓസ്ട്രേലിയയ്ക്കായി കളിക്കുന്നു. എനിക്ക് അതിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍, ഞാന്‍ ശരിക്കും ആവേശത്തിലായിരിക്കും,’ ഡേവിഡ് പറഞ്ഞു.
‘സത്യം പറഞ്ഞാല്‍ ഞാന്‍ ഇതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ടി20 ലീഗുകളില്‍ നന്നായി കളിക്കുന്നത് എന്നില്‍ ഒരുപാട് ആത്മവിശ്വാസം നിറയ്ക്കുന്നു, പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റ് ഒരു വ്യത്യസ്ത സംഭവമാണ്. അതിനാല്‍ എനിക്ക് ആ അവസരം ലഭിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം, അത് മറ്റാരു വെല്ലുവിളി മാത്രമായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ കളി മെച്ചപ്പെടുത്താനും ആസ്വദിക്കാനും ശ്രമിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഡേവിഡ് പറഞ്ഞു.
നേരത്തെ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് വിക്കറ്റ് കീപ്പര്‍ മാത്യു വേഡ് എന്നിവര്‍ ഡേവിഡ് ഓസീസിനായി ഉടനെ അല്ലെങ്കില്‍ കുറച്ചുനാള്‍ കഴിഞ്ഞ് കൡുമെന്ന് പറഞ്ഞിരുന്നു.
ഐ.പി.എല്ലില്‍ മുബൈക്കായി നടത്തിയ മികച്ച പ്രകടനമാണ് ഡേവിഡിന് ശ്രദ്ധ നല്‍കിയത്. കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈക്കായി എട്ട് മത്സരത്തില്‍ കളിക്കാനിറങ്ങിയ താരം 216 സ്‌ട്രൈക്ക് റേറ്റില്‍ 186 റണ്‍സ് നേടിയിരുന്നു. 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഇതുവരെ 14 ടി-20 മത്സരത്തില്‍ നിന്നും 158 സ്‌ട്രൈക്ക് റേറ്റില്‍ 46 ശരാശരിയുമായാണ് താരം ബാറ്റ് ചെയ്യുന്നത്.