| Thursday, 15th February 2024, 8:35 am

ചൊവ്വാഴ്ച എതിരാളികള്‍, ബുധനാഴ്ച ഒരേ ടീമില്‍; ടീമിനെ ഫൈനലിലെത്തിച്ചു, ലക്ഷ്യം ആദ്യ കിരീടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.എല്‍. ടി-20യില്‍ ആദ്യ ക്വാളിഫയര്‍ മത്സരം വിജയിച്ച് ഫൈനലിന് യോഗ്യത നേടി കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ ഐ.ഐ എമിറേറ്റ്‌സ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗള്‍ഫ് ജയന്റ്‌സിനെ പരാജയപ്പെടുത്തിയാണ് എമിറേറ്റ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

എമിറേറ്റ്‌സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജയന്റ്‌സ് 118 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 45 റണ്‍സിന്റെ മികച്ച വിജയത്തോടെയാണ് എമിറേറ്റ്‌സ് കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ എമിറേറ്റ്‌സ് നിക്കോളാസ് പൂരന്‍, ഡ്വെയ്ന്‍ ബ്രാവോ, ടിം ഡേവിഡ് എന്നിവരുടെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പൂരന്‍ 28 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 30 റണ്‍സാണ് ബ്രാവോ സ്വന്തമാക്കിയത്. 21 പന്ത് നേരിട്ട ടിം ഡേവിഡ് 29 റണ്‍സും നേടി. 14 പന്തില്‍ 27 റണ്‍സ് നേടിയ പൊള്ളാര്‍ഡിന്റെ ഇന്നിങ്‌സും ടീമിന് തുണയായി.

ഈ മത്സരത്തിന് കൃത്യം ഒരു ദിവസം മുമ്പ്, ഫെബ്രുവരി 13ന് നേര്‍ക്കുനേര്‍ പോരാടിയ താരങ്ങള്‍ പിറ്റേ ദിവസം ഒരു ടീമിന് വേണ്ടി കളിക്കുന്ന യാദൃശ്ചികതയും ഈ മത്സരത്തിനുണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഓല്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് പൂരനും ടിം ഡേവിഡും നേര്‍ക്കുനേര്‍ വന്നത്.

പെര്‍ത്തിയെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് ജയിച്ചിരുന്നു. അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും 2-1ന് സീരീസ് സ്വന്തമാക്കാന്‍ കങ്കാരുക്കള്‍ക്കായി.

അതേസമയം, ഗള്‍ഫ് ജയന്റ്‌സിനായി ഡാനിയല്‍ വോറല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സോഹിബ് സുബൈര്‍ ഒരു വിക്കറ്റും നേടി.

164 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ജയന്റ്‌സിന് തുടക്കത്തിലേ പിഴച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജെയിംസ് വിന്‍സ് പുറത്തായി. അകീല്‍ ഹൊസൈന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. സഹ ഓപ്പണര്‍ ജോര്‍ദന്‍ കോക്‌സ് ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സിനും മടങ്ങി.

പിന്നാലെയെത്തിയവര്‍ക്കാര്‍ക്കും തന്നെ സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനുമുണ്ടാക്കാന്‍ സാധിച്ചില്ല. ഒമ്പതാം നമ്പറിലിറങ്ങി 15 പന്തില്‍ 31 റണ്‍സടിച്ച ക്രിസ് ജോര്‍ദനാണ് ടോപ് സ്‌കോറര്‍.

ഒടുവില്‍ 18.2 ഓവറില്‍ 118ന് ജയന്റ്‌സ് ഓള്‍ ഔട്ടായി.

എമിറേറ്റ്‌സിനായിനാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി അകീല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അകീലാണ് കളിയിലെ താരം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ വിജയ്കാന്ത് വിയാസ്‌കാന്ത് മൂന്ന് വിക്കറ്റ് നേടി. വഖാര്‍ സലാംഖില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രാവോ, മുഹമ്മദ് റോഹിദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി ജയന്റ്‌സിനെ തോല്‍വിയിലേക്ക് തള്ളിയിട്ടു.

എലിമിനേറ്റര്‍ മത്സരമാണ് ഇനി ജയന്റ്‌സിന് മുമ്പിലുള്ളത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദുബായ് ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഇതില്‍ വിജയിക്കുന്ന ടീം കിരീടത്തിനായി ഐ.ഐ എമിറേറ്റ്‌സിനോട് ഏറ്റുമുട്ടും.

Content Highlight: Tim David and Nicholas Pooran playing in the same team 24 hours after the West Indies v Australia match

We use cookies to give you the best possible experience. Learn more