| Friday, 1st March 2024, 8:42 pm

വെറും മൂന്ന് ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് നിന്നും; 50 വർഷത്തെ റെക്കോഡും കാറ്റിൽ പറത്തി ചരിത്രത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ചലഞ്ച് ലീഗിന്റെ പ്ലേഓഫില്‍ വനവാട്ടുവിന് തകര്‍പ്പന്‍ വിജയം. ബര്‍മൂഡയെ 31 റണ്‍സിനാണ് വനവാട്ടു പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ വനവാട്ടുവിനായി ബൗളിങ്ങില്‍ ടിം കട്‌ലര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 7.5 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 35 റണ്‍സ് വിട്ടു നല്‍കിയാണ് താരം നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 4.46 ആണ് താരത്തിന്റെ എക്കോണമി.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ടിം കട്ട്ലെര്‍ സ്വന്തമാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 40 വയസ്സിനു മുമ്പായി ഒരു ഔദ്യോഗിക ഫോര്‍മാറ്റിലും കളിക്കാതെ നാലു വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ടിം കട്ട്ലെര്‍ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ജെഫ്രി ഓതനാണ്. ഷ്രോപ്പ്ഷയറിനെതിരെയായിരുന്നു എസെക്‌സ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 1974ൽ നടന്ന മത്സരത്തില്‍ 34 റണ്‍സ് വിട്ടു നല്‍കിക്കൊണ്ടായിരുന്നു താരം നാല് വിക്കറ്റുകള്‍ നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വനാട്ടു 47 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു. വനാട്ടുവിന്റെ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജോഷ്വാ റാസു 95 പന്തില്‍ 53 റണ്‍സും ആന്‍ഡ്രൂ മന്‍സാലെ 74 പന്തില്‍ 35 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബര്‍മൂഡയുടെ ബൗളിങ്ങില്‍ ജെര്‍മല്‍ പ്രോക്ട്ടര്‍, അല്ലന്‍ ഡഗ്ലസ്, ഡെറിക് ബ്രാഗ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബര്‍മൂഡ 24.5 ഓവറില്‍ 122 റണ്‍സിന് പുറത്താവുകയായിരുന്നു.

വനവാട്ടു ബൗളിങ്ങില്‍ കട്‌ലര്‍ നാല് വിക്കറ്റും നാലിന്‍ നിപിക്കോ, ജോഷുവ റാസു എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ വനാട്ടു തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Tim Cutler take four wickets against Bermuda

We use cookies to give you the best possible experience. Learn more