ദല്‍ഹി: തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവ് തില്ലു താജ്പുരിയയെ എതിരാളികള്‍ കൊലപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട യോഗേഷ് തുണ്ടയും സംഘവും ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ച് തില്ലുവിനെ കൊലപ്പെടുത്തുകായിരുന്നെന്ന് പൊലീസ് അറിയിച്ചു.
വയറ്റില്‍ ശക്തമായ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തില്ലുവിനെ ദീന്‍ ദയാല്‍ ഉപദ്യായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ രോഹിത് എന്ന മറ്റൊരു പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. രോഹിത് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
2021ല്‍ രോഹിണി കോടതിയില്‍ ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന കുറ്റവാളിയാണ് തില്ലു. 2021 സെപ്റ്റംബര്‍ 24ന് കോടതിക്കകത്ത് വെച്ച് ജിതേന്ദര്‍ ഗോഗിയെ തില്ലുവിന്റെ സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ആക്രമണത്തില്‍ രണ്ട് പ്രതികളും കൊല്ലപ്പെട്ടിരുന്നു. ജിതേന്ദര്‍ ഗോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്ത കേസില്‍ അറസ്റ്റിലായ തില്ലു തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.
Content Highlights: Tillu Tajpuriya killed by rivals in Tihar Jail