| Wednesday, 9th October 2013, 3:04 pm

ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊളംബോ: ശ്രീലങ്കന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ തിലരത്‌ന ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് തന്റെ പിന്‍മാറ്റമെന്ന് ദില്‍ഷന്‍ പറഞ്ഞു. ടെസ്റ്റ് മത്സരത്തില്‍ നിന്നും വിടപറഞ്ഞെങ്കിലും ചെറിയ മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്നും ദില്‍ഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് ദില്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവിടുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ഇത് എന്റെ സ്വന്തം തീരുമാനമായിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇനിയും ഏറെ വളരാനുണ്ട്. പുതിയ കളിക്കാന്‍ ടീമിലേക്ക് വരേണ്ടത് അനിവാര്യമാണ്. അതിന് വേണ്ടി എന്നെപ്പോലുള്ളവര്‍ സ്ഥാനം മാറിക്കൊടുക്കണമെന്നാണ് തോന്നുന്നത്- ദില്‍ഷന്‍ പറഞ്ഞു.

സിംബാംബ്‌വേ ടെസ്റ്റ് സീരീസിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ആ മത്സരം നീണ്ടുപോയി. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നും ദില്‍ഷന്‍ വ്യക്തമാക്കി.

സിംബാബ് വേയ്‌ക്കെതിരെ 2 ടെസ്റ്റ് മത്സരമാണ് ശ്രീലങ്കയ്ക്കുള്ളത്. 1999 ല്‍ സിംബാബ്‌വേയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ദില്‍ഷന്റെ ടെസ്റ്റ് അരങ്ങേറ്റം. 87 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 14 വര്‍ഷത്തെ കരിയറില്‍ 5, 492 റണ്‍സാണ് ദില്‍ഷന്റെ സമ്പാദ്യം.

2011 ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന തന്റെ 16 ാം ടെസ്റ്റ് സെഞ്ച്വറിയില്‍ 193 റണ്‍സ് നേടി ദില്‍ഷന്‍ റെക്കോഡിട്ടിരുന്നു. ടെസ്റ്റില്‍ നിന്ന് വിരമിച്ചാലും 36 കാരനായ ദില്‍ഷന്‍ ഏകദിനത്തിലും ട്വന്റി-20 യിലും തുടര്‍ന്നും കളിക്കും.

കരിയറിലെ എന്റെ ഭാവിയെ കുറിച്ച് നാഷണല്‍ സെലക്ടര്‍മാരുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ക്ക് എന്നെ ആവശ്യമാണെന്ന് തോന്നിയാല്‍ 2015 ലെ ലോകകപ്പ് വരെ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ദില്‍ഷന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more