| Tuesday, 19th December 2023, 12:09 pm

മോദി ഉള്ളിടത്തോളം പാർലമെന്റിൽ ജനങ്ങളുടെ ശബ്ദം ഉയരില്ല; പ്രതിപക്ഷ എം.പിമാരുടെ പാർലമെന്റ് സസ്പെൻഷനിൽ അധീർ രഞ്ജൻ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മോദി ഉള്ളിടത്തോളം പാർലമെന്റിൽ ജനങ്ങളുടെ ശബ്ദം കേൾക്കില്ലെന്ന ഗ്യാരണ്ടിയാണ് പുതിയ മോദി സർക്കാർ നൽകുന്നതെന്ന് കോൺഗ്രസ്‌ നേതാവ് അധീർ രഞ്ജൻ ചൗധരി.

കോൺഗ്രസിന്റെ പാർലമെന്റ് പാർട്ടി നേതാവായ അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെ 78 പ്രതിപക്ഷ എം.പിമാരെയാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്തത്.

പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്യുന്നതിൽ മോദി സർക്കാർ സെഞ്ച്വറിയോടടുക്കുകയാണ് എന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ തന്റെ സഹപ്രവർത്തകർ സസ്പെൻഷൻ നേരിട്ട് കൊണ്ടിരിക്കുമ്പോൾ താൻ ലോക്സഭയിൽ തന്നെ ഇരിക്കുന്നതിൽ കുറ്റബോധം തോന്നിയിരുന്നെന്നും ഇപ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ സന്തോഷവാനാണ്. എന്റെ സഹപ്രവർത്തകരിൽ കുറെ പേർ സസ്പെൻഷൻ നേരിടുമ്പോൾ ഞാൻ അവിടെത്തന്നെ ഇരിക്കുന്നതിൽ എനിക്ക് സങ്കടമുണ്ടായിരുന്നു.

ഗുരുതരമായ മറ്റൊരു കാര്യം നരേന്ദ്രമോദി പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷനിൽ സെഞ്ച്വറി നേടുന്നതിനോട് അടുക്കുകയാണ്. അതൊരു പുതിയ റെക്കോഡായിരിക്കും. പുതിയ മോദി സർക്കാരിന്റെ ഗ്യാരണ്ടി ഇങ്ങനെയാണ്, മോദി ഉള്ളിടത്തോളം പാർലമെന്റിൽ ജനങ്ങളുടെ ശബ്ദം കേൾക്കില്ല,’ അധീർ രഞ്ജൻ പറഞ്ഞു.

ഡിസംബർ 15ന് ആരംഭിച്ച പുതിയ പാർലമെന്റ് സെഷനിൽ മാത്രം 92 എം പിമാരാണ് ഇതുവരെ സസ്പെൻഷൻ നേരിട്ടത്. ലോക്സഭയിൽ 33 എം.പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ രാജ്യസഭയിൽ ഇത് 45 ആണ്.

ഡിസംബർ 13ന് പാർലമെന്റിൽ ഉണ്ടായ സുരക്ഷാ ലംഘനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ എം.പിമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എം.പിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

അധീർ രഞ്ജൻ ചൗധരിക്ക് പുറമേ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, ബിനോയ് വിശ്വം തുടങ്ങിയവരും സസ്പെൻഷൻ നേരിട്ടു. 11 പേർക്ക് മൂന്ന് മാസവും മറ്റുള്ളവർക്ക് സഭാ സമ്മേളനം അവസാനിക്കുന്നത് വരെയുമാണ് സസ്പെൻഷൻ. മൂന്നുമാസത്തേക്ക് സസ്പെൻഷനിൽ ആയവർക്കെതിരെ എത്തിക്സ് കമ്മിറ്റി തുടർനടപടികൾ തീരുമാനിക്കും.

കെ. മുരളീധരൻ, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ.ടി. മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, ജെബി മേത്തർ, ബിനോയ് വിശ്വം, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരാണ് കേരളത്തിൽനിന്ന് കഴിഞ്ഞദിവസം സസ്പെൻഷൻ നേരിട്ട് എം.പിമാർ.

Content Highlight: Till Modi is around, the voice of the people will not be heard in Parliament says Adhir Ranjan on suspension of opposition MPs

We use cookies to give you the best possible experience. Learn more