ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. പരാജയത്തോടെയാണ് ഇന്ത്യ ടി-20 പരമ്പര ആരംഭിച്ചിരിക്കുന്നത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് റോവ്മന്‍ പവലിന്റെയും നിക്കോളാസ് പൂരന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 149 റണ്‍സ് നേടി. പവല്‍ 32 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ പൂരന്‍ 34 പന്തില്‍ 41 റണ്‍സും നേടി.
150 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലും പരാജയപ്പെട്ടപ്പോള്‍ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാറിന് തന്റെ പേരിനും പെരുമക്കും ഒത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.
കിഷന്‍ ഒമ്പത് പന്തില്‍ ആറ് റണ്‍സ് നേടിയപ്പോള്‍ ഒമ്പത് പന്തില്‍ മൂന്ന് റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 21 പന്തില്‍ 21 റണ്‍സ് നേടിയാണ് സ്‌കൈ പുറത്തായത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങിയ തിലക് വര്‍മയാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത്. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 22 പന്തില്‍ 39 റണ്‍സാണ് താരം നേടിയത്. 177.27 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ഈ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും തിലക് വര്‍മയെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഒരു അരങ്ങറ്റ താരത്തിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (മിനിമം 30 റണ്‍സ്) എന്ന റെക്കോഡാണ് തിലക് വര്‍മയെ തേടിയത്തിയത്. സൂപ്പര്‍ താരം ഇഷാന്‍ കിഷന്റെ റെക്കോഡ് മറികടന്നാണ് തിലക് വര്‍മ കയ്യടി നേടിയത്.
ടി-20യില്‍ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (മിനിമം 30 റണ്‍സ്)
(താരം – എതിരാളികള്‍ – വര്‍ഷം – സ്‌ട്രൈക്ക് റേറ്റ് എന്ന ക്രമത്തില്‍)
തിലക് വര്‍മ – വെസ്റ്റ് ഇന്‍ഡീസ് – 2023 – 177.27
ഇഷാന്‍ കിഷന്‍ – ഇംഗ്ലണ്ട് – 2021- 175.00
അജിന്‍ക്യ രഹാനെ – ഇംഗ്ലണ്ട് – 2011 – 156.41
ഇതിന് പുറമെ വിന്‍ഡീസ് സൂപ്പര്‍ താരം ജോണ്‍സണ്‍ ചാള്‍സിനെ പുറത്താക്കാന്‍ തിലക് വര്‍മയെടുത്ത ക്യാച്ചും ചര്‍ച്ചയാകുന്നുണ്ട്. ആറ് പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കവെ കുല്‍ദീപിന്റെ പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് തിലക് വര്‍മ ചാള്‍സിനെ പുറത്താക്കിയത്.
കുല്‍ദീപ് എറിഞ്ഞ ടോസ്ഡ് അപ്പ് ബോള്‍ സ്ലോഗ് സ്വീപ്പിലൂടെ സിക്സര്‍ നേടാന്‍ ശ്രമിച്ച ചാള്‍സിന് പക്ഷെ ടൈമിങ് ശരിയായില്ല. ഒരുപാട് സമയം എയറില്‍ നിന്ന പന്ത് 15 മീറ്ററോളം കവര്‍ ചെയ്ത് തന്റെ ലെഫ്റ്റിലേക്ക് ഡൈവ് ചെയ്ത തിലക് ക്യാച്ച് സ്വന്തമാക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും പുതിയ താരത്തിന്റെ ഉദയത്തില്‍ ആരാധകര്‍ ഹാപ്പിയാണ്.
ആഗസ്റ്റ് ആറിനാണ് പരമ്പരയിലെ രണ്ടാം ടി-20. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദി.
Content Highlight: Tilak Varma scripts new record in T20