ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ വിന്‍ഡീസിസ് 149 റണ്‍സ് നേടിയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് ഇത്രയും നേടിയത്. വെടിക്കെട്ട് മത്സരം പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശയാണ് ഫലം.
ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ പതറിയായിരുന്നു വിന്‍ഡീസ് മുന്നേറിയത്. 32 പന്ത് നേരിട്ട് 48 റണ്‍സെടുത്ത റവ്മന്‍ പവലാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. മികച്ച ഫോമിലുള്ള നിക്കോളസ് പൂരന്‍ 34 പന്ത് നേരിട്ട് 41 റണ്‍സ് സ്വന്തമാക്കി. ഇവരെ കൂടാതെ ഓപ്പണിങ് ബാറ്റര്‍ ബ്രാന്‍ഡണ്‍ കിങ് (29) മാത്രമാണ് പിടിച്ചുനിന്നത്.
കൈല്‍ മയേഴ്‌സ്, ക്യാപ്റ്റന്‍ ജോണ്‍സണ്‍ ചാള്‍സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് പങ്കിട്ടപ്പോള്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറിനും അക്‌സര്‍ പട്ടേലിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
അരങ്ങേറ്റക്കാരനായ ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍ തിലക് വര്‍മയെടുത്ത പറക്കും ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിന്‍ഡീസ് സൂപ്പര്‍ താരം ചാള്‍സിനെ പുറത്താക്കാനാണ് അദ്ദേഹം ആ ക്യാച്ചെടുത്തത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ് ലഭിച്ചതെങ്കിലും ആ വിക്കറ്റിന്റെ മുഴുവന്‍ ക്രെഡിറ്റും തിലകിനുള്ളതാണ്.