ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മാച്ചുകള്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 2-1 എന്ന നിലയില്‍ ലീഡ് ചെയ്യുകയാണ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് പരമ്പര കൈവിടാതെ കാത്തത്. സൂര്യകുമാര്‍യാദവിന്റെ അര്‍ധ സെഞ്ച്വറിയും തിലക് വര്‍മയുടെ മിന്നുന്ന പ്രകടനവുമാണ് ഇന്ത്യക്ക് തുണയായത്.
ആദ്യ രണ്ട് മത്സരത്തിലും മങ്ങിയ സൂര്യ മൂന്നാം മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ടി-20 സ്‌പെഷ്യലിസ്റ്റ് എന്ന വിളിപ്പേരിന് താന്‍ എന്തുകൊണ്ടും അര്‍ഹനാണെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു സ്‌കൈ നടത്തിയത്.
സൂര്യകുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തി എന്നതിനേക്കാള്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത് യുവതാരം തിലക് വര്‍മയുടെ പ്രകടനമാണ്. ഇന്ത്യന്‍ നിരയില്‍ സ്ഥിരതയോടെ ബാറ്റ് വീശുന്നത് തിലക് മാത്രമാണ്.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനാകുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
ആദ്യ മത്സരത്തില്‍ 22 പന്തില്‍ നിന്നും 39 റണ്‍സ് നേടിയ തിലക് രണ്ടാം മത്സരത്തില്‍ 41 പന്തില്‍ നിന്നും 51 റണ്‍സാണ് നേടിയത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 37 പന്തില്‍ നിന്നും പുറത്താകാതെ 49 റണ്‍സും തിലക് തന്റെ പേരിന് നേരെ കുറിച്ചു.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 69.5 എന്ന ശരാശരിയിലും 139.00 എന്ന സ്‌ട്രൈക്ക് റേറ്റിലും 139 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഈ പ്രകടനത്തിന് പിന്നാലെ തിലക് വര്‍മയുടെ ടി-20 റേറ്റിങ്ങില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഐ.സി.സി പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം 503 എന്ന തകര്‍പ്പന്‍ റേറ്റിങ് പോയിന്റാണ് 46ാം സ്ഥാനത്തുള്ള തിലക് വര്‍മക്കുള്ളത്.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (490), ഇഷാന്‍ കിഷന്‍ (489), ശുഭ്മന്‍ ഗില്‍ (435), ശ്രേയസ് അയ്യര്‍ (433), റഷബ് പന്ത് (371) എന്നിവരാണ് തിലക് വര്‍മക്ക് ശേഷം ആദ്യ നൂറിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങള്‍ കാതങ്ങള്‍ പുറകിലാണ്.
ഈ പരമ്പരയിലെ മോശം പ്രകടനം ശുഭ്മന്‍ ഗില്ലിന്റെ റാങ്കിങ്ങിനെയും ഇത് ബാധിച്ചിരുന്നു. ഒറ്റയടിക്ക് 11 സ്ഥാനങ്ങളാണ് ഗില്‍ താഴോട്ടിറങ്ങിയത്. നിലവില്‍ 68ാം സ്ഥാനത്താണ് താരം.