| Thursday, 31st August 2023, 12:24 pm

യേ... എന്റെ ചെറുക്കന്‍ അരങ്ങേറ്റം കുറിക്കുന്നേ... സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ ഡെബ്യൂവില്‍ ത്രില്ലടിച്ച് തിലക് വര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ പ്രോട്ടീസ് യുവതാരം ഡെവാള്‍ഡ് ബ്രെവിസ് അരങ്ങേറ്റം കുറിച്ചിരുന്നു. സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ് ഹാഷിം അംലയില്‍ നിന്നുമാണ് താരം ടി-20 ക്യാപ് സ്വീകരിച്ചത്.

താരത്തിന്റെ അരങ്ങേറ്റത്തില്‍ പ്രോട്ടീസ് ആരാധകരെല്ലാം തന്നെ ആവേശത്തിലായിരുന്നു. ഫ്രാഞ്ചൈസി ലീഗുകളിലും മറ്റും മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഏതൊരു സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകരേക്കാളും ഡെവാള്‍ഡ് ബ്രെവിസിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ സന്തോഷിച്ച മറ്റൊരാളുണ്ടായിരുന്നു. ബ്രെവിസിന്റെ അടുത്ത സുഹൃത്തും ഇന്ത്യയുടെ യുവതാരവുമായ തിലക് വര്‍മയാണ് താരത്തിന്റെ അരങ്ങേറ്റം ആഘോഷമാക്കിയത്.

ബ്രെവിസ് അംലയില്‍ നിന്നും ക്യാപ് സ്വീകരിക്കുമ്പോള്‍ തിലക് വര്‍മ നിലത്തൊന്നുമായിരുന്നില്ല. ‘യേ… മൈ ബോയ് ഡി.ബി ഇന്ന് അരങ്ങേറ്റം കുറിക്കുന്നു. ഗുഡ് ലക്ക് ബ്രോ’ എന്നായിരുന്നു തിലക് വര്‍മ പറഞ്ഞത്. സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളായ ഇരുവരും കളിക്കളത്തിനകത്തും പുറത്തും മികച്ച ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്. ഇരുവരുടെയും ബ്രൊമാന്‍സ് ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ആറ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടിയാണ് ബ്രെവിസ് പുറത്തായത്. ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം നടത്തിയ തന്‍വീര്‍ സാംഗയുടെ പന്തില്‍ സീന്‍ അബോട്ടിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

മത്സരത്തില്‍ ബ്രെവിസിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും തിലക് വര്‍മയുടെ മറ്റൊരു അടുത്ത സുഹൃത്തിന്റെ വെടിക്കെട്ട് പ്രകടനം കിങ്‌സ്മീഡ് സ്റ്റേഡിയം കണ്ടിരുന്നു. താരത്തിന്റെ എം.ഐ ബ്രോ ആയ ടിം ഡേവിഡിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേട്ടത്തിനാണ് കയ്യടി ഉയരുന്നത്.

28 പന്തില്‍ നിന്നും 64 റണ്‍സാണ് ഡേവിഡ് നേടിയത്. ഏഴ് ബൗണ്ടറിയും നാല് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ടിം ഡേവിന്റെയും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും (49 പന്തില്‍ 92*) വെടിക്കെട്ടില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 115 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് മാത്രമാണ് അല്‍പമെങ്കിലും ചെറുത്ത് നിന്നത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഓസീസിനായി. സെപ്റ്റംബര്‍ ഒന്നിനാണ് പരമ്പരയിലെ അടുത്ത മത്സരം. കിങ്‌സ്മീഡ് തന്നെയാണ് വേദി.

Content highlight: Tilak Varma delighted on Dewald Brevis’ debut, video goes viral

We use cookies to give you the best possible experience. Learn more