തിലക് വര്‍മ മാത്രമല്ല, അപ്പുറത്തും ഇങ്ങനെ ഒരുത്തന്‍ ഉണ്ട്; പൊസിഷന്‍ മാറിക്കളിച്ച് പണിവാങ്ങിച്ചവര്‍
Sports News
തിലക് വര്‍മ മാത്രമല്ല, അപ്പുറത്തും ഇങ്ങനെ ഒരുത്തന്‍ ഉണ്ട്; പൊസിഷന്‍ മാറിക്കളിച്ച് പണിവാങ്ങിച്ചവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st August 2023, 7:29 pm

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം തുടരുകയാണ്. മൂന്ന് ടി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മഴ നിയമത്തില്‍ രണ്ട് റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം ടി-20യില്‍ 33 റണ്‍സിനും വിജയിച്ചിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ തിലക് വര്‍മയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ അരങ്ങേറുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താണ് താരം കയ്യടി നേടിയത്. ടോപ് മിഡില്‍ ഓര്‍ഡറില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്.

നാലാം നമ്പറില്‍ യുവരാജ് സിങ്ങിന്റെ പകരക്കാരനെ ലഭിച്ചു എന്ന് പോലും ആരാധകര്‍ വിശ്വസിച്ചിരുന്നു. യുവി ഒഴിച്ചിട്ട സിംഹാസനത്തിലേക്കെത്താന്‍ താന്‍ ശ്രമിക്കുകയാണെന്ന് ഒറ്റ പരമ്പര കൊണ്ടുതന്നെ തിലകും തെളിയിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ഐറിഷ് പര്യടനത്തിലെ രണ്ട് മത്സരത്തിലും താരം പരാജയമായിരുന്നു. ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായ തിലക് വര്‍മ രണ്ടാം മത്സരത്തില്‍ രണ്ട് പന്തില്‍ നിന്നും ഒരു റണ്‍സും നേടി മടങ്ങി.

ദി വില്ലേജില്‍ ആദ്യ മത്സരത്തില്‍ ക്രെയ്ഗ് യങ്ങിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കറിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ബാരി മക്കാര്‍ത്തിയുടെ പന്തില്‍ ജോര്‍ജ് ഡോക്രലിന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

നാലാം നമ്പറില്‍ നിന്നും മൂന്നാം നമ്പറിലേക്ക് മാറിയ രണ്ട് മത്സരത്തിലും തിലക് പരാജയമായി മാറുകയായിരുന്നു.

തൊട്ടുമുമ്പുള്ള മത്സരങ്ങളിലെ പൊസിഷനില്‍ നിന്നും മാറിക്കളിച്ച് മോശം പ്രകടനം നടത്തേണ്ടി വന്ന മറ്റൊരു താരം അയര്‍ലന്‍ഡ് ടീമിനൊപ്പവുമുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലോര്‍കന്‍ ടക്കറാണ് ആ നിര്‍ഭാഗ്യവാന്‍.

ജസ്പ്രീത് ബുംറയുടെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയായിരുന്നു ആദ്യ മത്സരത്തില്‍ ടക്കര്‍ പുറത്തായത്. രണ്ടാം മത്സരത്തിലാകട്ടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഋതുരാജ് ഗെയ്ക്വാദിന് ക്യാച്ച് നല്‍കിയും ടക്കര്‍ പുറത്തായി. രണ്ട് മത്സരത്തിലും മൂന്ന് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെയാണ് താരം പുറത്തായത്.

തൊട്ടുമുമ്പ് അവസാനിച്ച ഐ.സി.സി മെന്‍സ് ടി-20 ലോകകപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയറിലാണ് ടക്കര്‍ ഇതിന് മുമ്പ് അയര്‍ലന്‍ഡിനായി ബാറ്റേന്തിയത്. മിഡില്‍ ഓര്‍ഡറില്‍ താരതമ്യേന മോശമല്ലാത്ത പ്രകടനമാണ് താരം പുറത്തെടുത്തത്.

 

എന്നാല്‍ ടൂര്‍ണമെന്റില്‍ മൂന്നാം നമ്പറിലേക്ക് പൊസിഷന്‍ മാറിയതിന് പിന്നാലെ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പുറത്തെടുത്തതല്ലാതെ കാര്യമായി താരത്തിനൊന്നും ചെയ്യാന്‍ സാധിച്ചില്ല. സ്‌കോട്‌ലാന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തിലും മൂന്ന് പന്തില്‍ പൂജ്യം റണ്‍സ് നേടിയാണ് ടക്കര്‍ പുറത്തായത്.

അതേസമയം, ഓഗസ്റ്റ് 23നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. അവസാന മത്സരവും വിജയിച്ച് പരമ്പര ക്ലാന്‍ സ്വീപ് ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാനുള്ള വിജയമാണ് അയര്‍ലന്‍ഡ് ലക്ഷ്യമിടുന്നത്.

 

 

Content highlight: Tilak Varma and Lorcan Tucker failed in bot T20s