| Wednesday, 15th April 2020, 11:07 am

ടിക് ടോക്കിലൂടെ മദ്യവ്യാപാരം; ഹൈദരാബാദില്‍ ടിക് ടോക് താരം അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ലോക് ഡൗണിന്റെ മറവില്‍ ടിക് ടോക് വിഡീയോയിലൂടെ മദ്യക്കച്ചവടം നടത്തിയ യുവാവ് ഹൈദരാബാദില്‍ അറസ്റ്റില്‍. ഹൈദരാബാദ് എക്‌സൈസ് പൊലീസാണ് 29 കാരനായ യുവാവിനെയും സഹായിയേയും അറസ്റ്റ് ചെയ്തത്.

കള്ളുഷാപ്പില്‍ എത്തിയ ചിലര്‍ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്‍ന്ന് മദ്യം വിളമ്പുന്ന വീഡിയോയാണ് ടിക് ടോക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്. മദ്യം വേണ്ടവര്‍ക്ക് ഇവിടെ എത്താമെന്ന സന്ദേശമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ നല്‍കിയത്.

ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവാവിന്റെ വാദം. പഞ്ചാബിലുള്ള ഒരാള്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടതിന് പിന്നാലെയാണ് താനും ഇത്തരമൊരു വീഡിയോ തയ്യാറാക്കിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലാകുന്ന ചിലരെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരമൊരു കാര്യത്തിന് മുതിര്‍ന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബോധരഹിതരായി വീഴുന്ന ആളുകളുടെ വീഡിയോ താന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ആളുകളെ സഹായിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി.

തെലങ്കാന എക്‌സൈസ് ആക്ട് പ്രകാരവും ഐ.പി.സി വകുപ്പ് പ്രാകരവും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ തെലങ്കാനയിലെ എല്ലാ ബാറുകളും ബിവറേജുകളും അടഞ്ഞുകിടക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more