| Wednesday, 8th July 2020, 8:02 am

ചൈനയുടെ നീക്കങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്ലാതെ ഹോങ്കോങ്; ഫേസ്ബുക്കും ടിക്ടോക്കും ട്വിറ്ററും മൈക്രോസോഫ്റ്റും പിന്മാറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയുടെ പുതിയ സുരക്ഷാ നിയമങ്ങള്‍ക്ക് പിന്നാലെ ഹോങ്കോങ് വിടാനൊരുങ്ങി ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്ക്. പുതുതായി ചൈന പ്രഖ്യാപിച്ച ദേശീയ സുരക്ഷാ നിയമത്തെത്തുടര്‍ന്നാണ് നടപടി. നിയമപ്രകാരം ഹോങ്കോങില്‍ ചൈനയ്ക്ക് കൂടുതല്‍ അധികാരങ്ങളാണ് നല്‍കുന്നത്. ഇതേത്തുടര്‍ന്ന് ഹോങ്കോങില്‍ എങ്ങനെ തുടരുമെന്ന ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് ടിക്‌ടോക്ക് രാജ്യം വിടുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ ടിക് ടോക്ക് ഹോങ്കോങിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സിന്റേതാണ് ടിക് ടോക്ക്.

പ്രധാന അമേരിക്കന്‍ കമ്പനികളായ ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ട്വിറ്റര്‍, സൂം എന്നിവയും ഹോങ്കോങുമായുള്ള സഹകരണം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയും പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് പ്രസ്താവന ഇറക്കിയിരുന്നു.

ഹോങ്കോങ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്ന ഡാറ്റകള്‍ കൈമാറുന്ന കാര്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഗൂഗിളും ട്വിറ്ററും അറിയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റും സൂമും ലിങ്ക്ട് ഇന്നും സമാന തീരുമാനത്തിലാണെന്നാണ് വിവരം

അമേരിക്കന്‍ കമ്പനികളില്‍ പലതിനും ചൈനയില്‍ നിരോധനമുണ്ടെങ്കിലും മിക്കതിനും ഹോങ്കോങില്‍ പ്രവര്‍ത്തനമുണ്ടായിരുന്നു. എന്നാല്‍ ചൈനയുടെ പുതിയ നീക്കങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. ഹോങ്കോങ് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സ്വാതന്ത്രത്തിന് മേലുള്ള വെല്ലുവിളിയാണ് ചൈന നടത്തുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഹോങ്കോങിന്റെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതാണ് നിയമമെന്നും വിലയിരുത്തപ്പെടുന്നു.

ചൈനയുടെ സുരക്ഷാ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ടിക് ടോക്കിന്റെ പ്രവര്‍ത്തനം ഹോങ്കോങില്‍ നിര്‍ത്തലാക്കുന്നത് കമ്പനിയുടെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുമെന്നും അനുമാനങ്ങളുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more