| Tuesday, 7th July 2020, 9:14 am

ടിക് ടോക്കിന്റെ പുതിയ തീരുമാനം; ഹോങ്കോംഗ് വിപണിയില്‍ നിന്ന് എത്രയുംപെട്ടെന്ന് പുറത്തുകടക്കുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോംഗ്: ദിവസങ്ങള്‍ക്കുള്ളില്‍ ഹോങ്കോംഗ് വിപണയില്‍ നിന്ന് പുറത്തുപോകുമെന്ന സൂചന നല്‍കി ചൈനീസ് കമ്പനിയായ ടിക് ടോക്. ടിക് ടോക് വക്താവ് ഇത് സംബന്ധിച്ച സൂചനകള്‍ റോയിട്ടേഴ്‌സിന് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതിക കമ്പനികള്‍ ഈ മേഖലയിലെ ഉപയോക്തൃ ഡാറ്റയ്ക്കുള്ള സര്‍ക്കാര്‍ അഭ്യര്‍ത്ഥനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചതിന് പിന്നാലെയാണ് ഹോങ്കോംഗില്‍ നിന്ന് പുറത്ത് പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

അര്‍ദ്ധകേന്ദ്ര ഭരണപ്രദേശമായ ഹോങ്കോംഗില്‍ ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്നാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ഷോര്‍ട്ട് ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ഈ തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, ഹോങ്കോംഗിലെ ടിക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു,” റോയിട്ടേഴ്‌സിനോട് ടിക്ക് ടോക്ക് വക്താവ് പറഞ്ഞു.

വാള്‍ട്ട് ഡിസ്‌നി മുന്‍ കോ-എക്‌സിക്യൂട്ടീവ് കെവിന്‍ മേയറാണ് ടിക് ടോക്കിന്റെ സി.ഒ. ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയില്‍ സൂക്ഷിച്ച് വെച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യാ-ചൈന സംഘര്‍ഷത്തിനിടെ രാജ്യത്തിന്റെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇന്ത്യ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ആപ്പായിരുന്നു ടിക് ടോക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more