പബ്ജിക്ക് പിന്നാലെ ടിക്ടോകും തിരിച്ചെത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
national news
പബ്ജിക്ക് പിന്നാലെ ടിക്ടോകും തിരിച്ചെത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th November 2020, 7:55 am

ന്യൂദല്‍ഹി: പബ്ജിക്ക് പിന്നാലെ ടിക്‌ടോകും തിരിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പബ്ജിയും ടിക് ടോകും വീ ചാറ്റുമടക്കം 118 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ പബ്ജി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ടിക്‌ടോകും തിരിച്ചെത്തിയേക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ടിക്‌ടോക് അവരുടെ തൊഴിലാളികളെ നിലനിര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാരുമായി ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ടെക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടിക്‌ടോകിന്റെ ഇന്ത്യന്‍ മേധാവി നിഖില്‍ ഗാന്ധി തൊഴിലാളികള്‍ക്കയച്ച ഒരു കത്തില്‍ പ്രാദേശിക നിയമങ്ങളും ഡാറ്റാ സുരക്ഷയും സ്വകാര്യതയും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശിക്കുന്നതായി എന്‍.ഡി.ടി.വിയുടെ 360 ഗാഡ്‌ജെറ്റ്‌സ് ടെക് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പ്രാദേശിക നിയമങ്ങളും ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും പ്രതിബദ്ധതയോടെ പാലിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ തീര്‍ച്ചയായും നല്ലത് സംഭവിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ നിഖില്‍ ഗാന്ധിയുടെ കത്തില്‍ പറയുന്നു.

ടിക്‌ടോകിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. സര്‍ക്കാരിന് ഉണ്ടാകാനിടയുള്ള കൂടുതല്‍ ആശങ്കകള്‍ പരിഹരിക്കുന്നതിനായുള്ള ശ്രമവും തങ്ങള്‍ തുടരും. തങ്ങള്‍ ടിക്‌ടോക് ഉപയോക്താക്കളോടും അതിന്റെ നിര്‍മാതക്കളോടും ഒരുപോലെ പ്രതിബദ്ധത ഉള്ളവരായിരിക്കുമെന്നും കത്തില്‍ പറയുന്നു.

ആപ്പുകള്‍ നിരോധിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പബ്ജി വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നത്. അടുത്തിടെ പബ്ജിയുടെ ലൈറ്റ് വേര്‍ഷനും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

സുരക്ഷയും സ്വകാര്യതാ ആശങ്കകളും ലഘൂകരിക്കുന്നതിനായി പബ്ജിയുടെ നിര്‍മാതാക്കള്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരിലാണ് പുതിയ ഗെയിം അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ അഞ്ച് കോടിയിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ഗെയിമുകളിലൊന്നാണ് പബ്ജി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TikTok Return to India after ban; report