| Saturday, 1st August 2020, 7:29 pm

അതിജീവനത്തിന് മാര്‍ഗം തേടി ടിക് ടോക്; ബൈറ്റ് ഡാന്‍സ് വിട്ട് മൈക്രോസോഫ്റ്റിലേക്ക് മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുമെന്ന് സൂചിപ്പിച്ചതോടെ അതിജീവനത്തിന് മാര്‍ഗം തേടി ആപ്പ്. ടിക് ടോക്, പാരന്റല്‍ കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നിന്ന് മെക്രോസോഫ്റ്റിലേക്കോ ഇതര കമ്പനികളിലേക്കോ പൂര്‍ണ്ണമായി മാറുന്നതിന് സ്വയം തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ മാര്‍ക്കറ്റുള്ള ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചത് തന്നെ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

അമേരിക്കയും നിരോധനത്തിലേക്ക് കടന്നാല്‍ ബൈറ്റ് ഡാന്‍സിന് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. ഇത് മുന്നില്‍ക്കണ്ടാണ് മറ്റ് കമ്പനികളിലേക്ക് മാറാന്‍ ടിക് ടോക് ഒരുങ്ങുന്നത്.

ചൈനീസ് ഇതര നിക്ഷേപകരായ സെക്വിയ ക്യാപിറ്റല്‍, സോഫ്റ്റ്ബാങ്ക്, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവരുമായും ടിക് ടോക് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ടിക് ടോക് തങ്ങളുടെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സുരക്ഷവൃത്തങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ടെന്നും അതിനാല്‍ നിരോധനം അനിവാര്യമാണെന്നുമായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.

ടിക് ടോകിന്റെ കാര്യത്തില്‍ നിരോധനം അനിവാര്യമാണ്. ഞങ്ങള്‍ അവരെ വിലക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു- എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കി.

അതേസമയം ടിക് ടോക് വിഷയത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണെന്നും തീരുമാനം അതിന് ശേഷം അറിയിക്കുമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂക്കിന്‍ നേരത്തേ പറഞ്ഞിരുന്നു. അമേരിക്കയില്‍ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത് വാര്‍ത്തയായിരുന്നു.

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോകിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more