| Sunday, 19th July 2020, 8:02 pm

ആസ്ഥാനം ലണ്ടനിലേക്ക്? ചൈനയില്‍ നിന്ന് അകലാനുറച്ച് ടിക് ടോക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ ആസ്ഥാനം മാറാന്‍ കമ്പനി തയ്യാറായിരിക്കവെ പുതിയ കേന്ദ്രം ലണ്ടനെന്ന് റിപ്പോര്‍ട്ടുകള്‍. ആസ്ഥാനത്തിനായി ലണ്ടന്‍ പരിഗണനയിലുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ബൈറ്റ്ഡാന്‍സില്‍ നിന്ന് വേര്‍പെട്ട് ടിക് ടോക്കിന് മാത്രമായി ഒരു ആസ്ഥാനമില്ല. ബൈറ്റ് ഡാന്‍സിന്റെ ആസ്ഥാനം ചൈനയിലാണ്. അതേ സമയം ലോസ് ആഞ്ചലസ്, ലണ്ടന്‍ എന്നിവിടങ്ങളിലായി ടിക് ടോക്കിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

ചൈനീസ് സര്‍ക്കാരിനായി അമേരിക്കന്‍ പൗരരുടെ രേഖകള്‍ ചോര്‍ത്തുന്നെന്ന ആരോപണം നിലനില്‍ക്കെയാണ് കമ്പനി ഉടമകളുടെ തീരുമാനം.

ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലും സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്കിന് വിലക്ക് വരാന്‍പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടുത്തിടെ പുറത്തു വന്നിരുന്നു.

ബ്രിട്ടനും ചൈനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ടിക് ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനൊരുങ്ങുന്നത്. ചൈനീസ് കമ്പനിയായ ഹുവായിക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 5 ജി നെറ്റ് വര്‍ക്കില്‍ നിന്നുമാണ് ഹുവായിയെ വിലക്കിയിരിക്കുന്നത്.

2027 ഓടെ ചൈനീസ് ഹുവാവേയുടെ നിലവിലുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യുമെന്നും ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ കമ്പനിയില്‍ നിന്ന് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നത് നിരോധിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഹുവാവേ നിരോധിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈന യു.കെക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more