| Thursday, 27th August 2020, 2:20 pm

ടിക് ടോക്ക് സി.ഇ.ഒ കെവിന്‍ മേയര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ സി.ഇ.ഒ കെവിന്‍ മേയര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ബന്ധമാരോപിച്ച് അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാനിരിക്കെയാണ് കെവിന്റെ രാജി.

‘ഏറെ ഹൃദയവേദനയോടെയാണ് ഞാന്‍ ഈ വിവരം നിങ്ങളെ അറിയിക്കുന്നത്. ടിക് ടോക്കിന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുന്നു’- എന്നാണ് കെവിന്‍ ജീവനക്കാരെ അറിയിച്ചത്.

കെവിന് പകരം വനേസ പപ്പാസിനെ ഇടക്കാല സി.ഇ.ഒ ആയി നിയമിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്‌നിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് കെവിന്‍ മേയര്‍. തുടര്‍ന്നാണ് അദ്ദേഹം ടിക് ടോക്കിന്റെ ഭാഗമാകുന്നത്.

ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് ടിക് ടോക്ക് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ക് ടോക്കും മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും തങ്ങളുടെ ആപ്പുകള്‍ ദേശീയ സുരക്ഷാ ഭീഷണിയാണെന്ന വാദം നിരസിച്ചിട്ടുണ്ട്.

ആപ്പ് ഉപയോഗിക്കുന്ന യു.എസിലെ ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ മാത്രമേ തങ്ങള്‍ ശ്രമിച്ചിട്ടുള്ളുവെന്നും ടിക് ടോക്ക് മേധാവികള്‍ പറഞ്ഞിരുന്നു.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെയാണ് ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത്. ഇതിന് വന്‍ സാമ്പത്തിക നഷ്ടമാണ് ചൈനീസ് കമ്പനിക്ക് നേരിടേണ്ടി വരിക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ടിക് ടോക്ക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന് ഏകദേശം 4200 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ലോകത്താകെ നടന്ന ടിക് ടോക് ഡൗണ്‍ലോഡിന്റെ 30.3 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം നടന്ന ഡൗണ്‍ലോഡുകളുടെ ഇരട്ടിയോളം വരുമിത്.

ടിക് ടോക്, ഹലോ ആപ്പ് എന്നിവയുടെ വളര്‍ച്ച ദിനം പ്രതി ഇന്ത്യയില്‍ കൂടി വന്ന സാഹചര്യത്തില്‍ വന്ന വിലക്ക് ബൈറ്റ് ഡാന്‍സിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

അതേ സമയം ബൈറ്റ് ഡാന്‍സിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും ചര്‍ച്ചയാവുന്നുണ്ട്. 2000 ത്തിലേറെ മുഴുവന്‍ സമയ ജീവനക്കാരാണ് ബൈറ്റ് ഡാന്‍സിന്റെ വിവിധ ആപ്പുകള്‍ക്കായി ഇന്ത്യയിലുണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights:  tiktok ceo kevin mayer resigns

Latest Stories

We use cookies to give you the best possible experience. Learn more