| Thursday, 9th May 2019, 1:18 pm

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തം, സമഗ്ര അന്വേഷണം നടത്തുമെന്നും ടീക്കാറം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറം മീണ. ഇതില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ക്രമക്കേടിനെകുറിച്ച് ക്രൈബ്രാഞ്ച് അന്വേഷണം ഉചിതമായിരിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

പ്രാഥമിക അന്വേഷണം കാര്യക്ഷമമായിരുന്നെന്നും ഡി.ജി.പി നേരത്തെ നടപടിയെടുത്തില്ലെന്ന പരാതിയില്‍ കഴമ്പില്ലെന്നും ടിക്കാറാം മീണ പ്രതികരിച്ചു. തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശത്തില്‍ വൈകിട്ടോടെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.

പൊലീസുകാരിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന് സ്ഥിരീകരണം വന്നതോടെ വിശദമായ അന്വേഷണം നടത്തി 15നകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദ്ദേശം. വിഷയത്തില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് മേയ് 15നകം നല്‍കാനാണ് ടിക്കാറാം മീണയുടെ നിര്‍ദ്ദേശം.

പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പരാമര്‍ശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്‌കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും.

We use cookies to give you the best possible experience. Learn more