| Tuesday, 23rd April 2019, 10:12 am

മഴകാരണമാകാം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഴ കാരണമാകാം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തം ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ മെഷീന്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ ആദ്യമേ പറഞ്ഞതാണെന്നും ടിക്കാറാം മീണ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ വോട്ടിങ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടിങ് മെഷീനിലെ തകരാര്‍ സംഭവിച്ചത് ചിലയിടങ്ങളില്‍ മാത്രമാണ്. അത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ടിക്കാറാം മീണ പറഞ്ഞു.

മഴയും ഇടിയും ഉണ്ടായതു മൂലമുള്ള പ്രശ്‌നങ്ങള്‍ മാത്രമാണുണ്ടായത്. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

കോവളത്ത് വോട്ടുകള്‍ ചിഹ്നംമാറി രേഖപ്പെടുത്തുന്നുവെന്ന പരാതിയില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലായത് വോട്ടെടുപ്പ് വൈകാനിടയാക്കിയിരുന്നു. തിരുവനന്തപുരം ചൊവ്വരയില്‍ ഇ.വി.എമ്മില്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലായിരുന്നു.

പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്. എന്നാല്‍ വോട്ടര്‍മാരുടെ ആരോപണം കലക്ടര്‍ വാസുകി തള്ളിയിരുന്നു.

യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടെ ഇപ്പോള്‍ പോളിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വോട്ടിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. കോവളം എം.എല്‍.എ വിന്‍സന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more