| Tuesday, 8th December 2020, 10:09 am

ടിക്കാറാം മീണയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി; കയ്യൊഴിഞ്ഞ് കളക്ടറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും വോട്ടര്‍പട്ടിക പുതുക്കണമെന്നും വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പിക്കണമെന്നും ജനങ്ങളോട് ആവര്‍ത്തിക്കുന്ന അദ്ദേഹത്തിന് പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തതാണ് ആശ്ചര്യത്തിന് വഴിയൊരുക്കുന്നത്.

ടിക്കാറാം മീണ താമസിക്കുന്നത് പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ്. അദ്ദേഹത്തിന്റെ വോട്ട് പൂജപ്പുര വാര്‍ഡിലാണ്.

എന്നാല്‍ ഇന്നലെ മാത്രമാണ് തന്റെ വോട്ട് ഏത് സ്‌കൂളിലാണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടത്.

നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള വോട്ടര്‍പട്ടിക വേറെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടര്‍പട്ടിക വേറെയുമാണ്. അതുകൊണ്ട് തന്നെ ആ പട്ടികയില്‍ തന്റെ പേര് ഉണ്ടോ എന്നും ഏത് ബൂത്തിലാണ് തനിക്ക് വോട്ടെന്നും അന്വേഷിക്കാനായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് അറിഞ്ഞത്.

ഇതോടെ ടിക്കാറാം മീണ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കളക്ടര്‍ അറിയിച്ചത്.

പട്ടികയില്‍ പേരുണ്ടായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും വിഷയത്തില്‍ കളക്ടറോട് പരാതി പറഞ്ഞിട്ടുണ്ടെന്നുമാണ് ടിക്കാറാം മീണ പറഞ്ഞത്. വോട്ടര്‍പട്ടികയില്‍ നിന്ന് പേരൊഴിവാക്കിയതിനാല്‍ തന്നെ ഇന്ന് അദ്ദേഹം വോട്ട് ചെയ്യില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: tikkaram-meena name removed in kerala voters list

We use cookies to give you the best possible experience. Learn more