പാലാ: പാലായില്‍ ഉപതെരഞ്ഞെടുപ്പിനായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചെങ്കിലും ചിഹ്നം സംബന്ധിച്ച് ഇതുവരെയും വ്യക്തതയായില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം അനുവദിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ കത്ത് വേണമെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറം മീണയുടെ നിര്‍ദേശം. കത്ത് നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ആര് എന്നതില്‍ തുടങ്ങിയതാണ് കേരള കോണ്‍ഗ്രസ് എമ്മിലെ അസ്വാരസ്യം. ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ ഭിന്നത സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിലും പിന്നീട് ചിഹ്നം വിട്ടുകൊടുക്കുന്നതിലേക്കും വ്യാപിച്ചു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രണ്ടില ചിഹ്നം കിട്ടുന്നതിനായി ആരുടെ ഔദാര്യം തേടില്ലെന്നും കെ.എം മാണിയാണ് പാര്‍ട്ടി ചിഹ്നമെന്നും ജോസ് കെ. മാണി പറഞ്ഞാല്‍ ഏത് ചിഹ്നത്തില്‍ വേണമെങ്കിലും മത്സരിക്കുമെന്നും ജോസ് ടോം വ്യക്തമാക്കിയിരുന്നു. ഇത് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കണം. അതിനാല്‍ തന്നെ ചിഹ്നം നല്‍കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ചെന്നിത്തലയും യു.ഡി.എഫിന് രണ്ടില ചിഹ്നം നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസ് എം പിളര്‍പ്പു സംബന്ധിച്ചു കേസുള്ളതിനാല്‍ പാലായിലെ ഉപതിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് നിയമോപദേശം തേടിയാവും തീരുമാനമെടുക്കുക. രണ്ടില തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. നിയമപരമായി എന്താണ് പ്രായോഗികമെന്ന് പരിശോധിക്കുകയാണ്. പാലായില്‍ സ്ഥാനാര്‍ത്ഥിയും ചിഹ്നവും കെ.എം.മാണിയാണെന്നും ചെന്നിതല പറഞ്ഞിരുന്നു.