| Tuesday, 22nd October 2019, 4:51 pm

മഞ്ചേശ്വരത്തേത് കള്ളവോട്ട് തന്നെ, പക്ഷേ റീപോളിങ്ങില്ല; എന്‍.എസ്.എസ് വിഷയം അടഞ്ഞ അധ്യായമെന്നും ടിക്കാറാം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: ഇന്നലെ മഞ്ചേശ്വരത്തു നടന്നതു കള്ളവോട്ട് തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എന്നാല്‍ റീപോളിങ് നടത്താനാവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലാത്തതിനാല്‍ ഒരു പോളിങ് ബൂത്തിലും റീപോളിങ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരത്തെ 42-ാം ബൂത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിനു പിന്നാലെ നബീസയെന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ പേരില്‍ വോട്ട് ചെയ്യാന്‍ നബീസ ശ്രമിച്ചെന്നാണ് ആരോപണം. ഇത് നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ നിഷേധിച്ചിരുന്നു. കസ്റ്റഡിയിലെടുത്തതിനെതിരെ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആറുമണി വരെ എത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയെന്നും ഒരു സംഘടനയോടും അവമതിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാടെടുത്തത് അപകടമുണ്ടാക്കിയെന്ന ടിക്കാറാം മീണയുടെ പരാമര്‍ശത്തിന് എതിരെയാണ് വക്കീല്‍ നോട്ടീസ്.

എന്‍.എസ്.എസ് വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തുന്ന വിധമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശമെന്നും ഇത് പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നും നോട്ടീസില്‍ പറയുന്നു.

മാപ്പ് പറയാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. അതേസമയം എന്‍.എസ്.എസ്സിനെതിരെ സമസ്ത നായര്‍ സമാജവും എല്‍.ഡി.എഫും പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്കും തിരുവനന്തപുരം കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാതിയും മതവും പറഞ്ഞ് കേരളത്തെ യുദ്ധഭൂമിയാക്കരുതെന്നും മതനിരപേക്ഷ പ്രതിഛായയാണ് കേരളത്തിനുള്ളതെന്നും മീണ പറഞ്ഞിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പരിധി കടന്നാല്‍ നടപടിയെടുക്കും. പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായ വ്യവസ്ഥയുണ്ട്. മതനിരപേക്ഷത പാലിക്കാനും ധാര്‍മ്മികമായ ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ട്. അതനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരുമാണ്- മീണ പറഞ്ഞു.

We use cookies to give you the best possible experience. Learn more