| Friday, 3rd May 2019, 7:06 pm

കാസര്‍ഗോഡ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു; 3 കള്ളവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാസര്‍ഗോഡ് പുതിയങ്ങാടിയില്‍ മൂന്നു പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, അബ്ദുസമദ്, കെ.എം. മുഹമ്മദ് എന്നിവരാണ് കള്ളവോട്ട് ചെയ്തത്.

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ 69,70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്തത്. അബ്ദുസമദ് ഒരു ബൂത്തില്‍ തന്നെ രണ്ടു തവണ വോട്ടു ചെയ്തു. കെ.എം മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്നു തവണ വോട്ടു ചെയ്തു. ഗള്‍ഫിലുള്ള സക്കീറിന്റെ വോട്ടും കെ.എം മുഹമ്മദ് ചെയ്തു.

കള്ളവോട്ടിന് പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റാണ്. ബൂത്ത് ഏജന്റിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

4 പേര്‍ കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി, ആഷിഖ് എന്നയാള്‍ കള്ളവോട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ടിക്കാറാം മീണ പറഞ്ഞു. പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതായും ടിക്കാറം മീണ പറഞ്ഞു.

ജില്ലാ കളക്ടടര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. എന്നാല്‍ കള്ളവോട്ട് നടന്നത് അറിഞ്ഞില്ലെന്നാണ് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണമെന്നും ടിക്കാറാം മീണ പറഞ്ഞു.

We use cookies to give you the best possible experience. Learn more