തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നതായും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍.എസ്.എസ് പരസ്യ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മുന്നണിക്ക് വേണ്ടി എന്‍.എസ്.എസ്. സ്വീകരിച്ച നിലപാട് തെറ്റാണെന്നും, എന്നാല്‍ എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
പരാതി ലഭിച്ചാല്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം കാരണം ജനങ്ങളുടെ ദൈംദിനകാര്യങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ ഡി.ജി.പിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ് നിലപാടിനോട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി പരസ്യമായി നിലപാടെടുത്ത പഴയ കാലത്തേക്ക് എന്‍എസ്എസ് തിരിച്ചുപോവുകയാണോ. എല്ലാ പാര്‍ട്ടിയിലും പെട്ട ആളുകള്‍ എന്‍.എസ്.എസിലുണ്ട്. സ്വന്തം രാഷ്ട്രീയാഭിപ്രായമുള്ളവര്‍ അതനുസരിച്ച് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.