| Monday, 20th September 2021, 10:53 pm

കര്‍ഷകസമരത്തിന് വിദേശഫണ്ട്, ടികായത് കൊള്ളക്കാരന്‍; കര്‍ഷകരെ അധിക്ഷേപിച്ച് ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് രാകേഷ് ടികായത്തിനെ വിമര്‍ശിച്ച് ബി.ജെ.പി എം.പി. കര്‍ഷകസമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്ന തീവെട്ടിക്കൊള്ളക്കാരനാണ് ടിക്കായത് എന്നാണ് ഭാറൈച്ച് എം.പിയായ അക്ഷയ്‌വര്‍ ലാല്‍ പറഞ്ഞത്.

‘ടികായത് തീവെട്ടിക്കൊള്ളക്കാരനാണ്. കര്‍ഷകരുടെ ഭാഗത്ത് നിന്നും ഒരു പ്രശ്‌നവുമില്ല. ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ മുഴുവന്‍ സിക്കിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള രാഷ്ട്രീയക്കാര്‍ മാത്രമാണ്,’ അക്ഷയ്‌വര്‍ പറഞ്ഞു.

കാനഡയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുമാണ് പണം വരുന്നതെന്നും ഇത്തരത്തില്‍ ഇന്ത്യയിലെത്തുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്നും അക്ഷയ്‌വര്‍ പറഞ്ഞു.

‘ഇപ്പോള്‍ സമരം ചെയ്യുന്നത് യഥാര്‍ത്ഥ കര്‍ഷകരല്ല, അഥവാ അവര്‍ യഥാര്‍ത്ഥ കര്‍ഷകരായിരുന്നെങ്കില്‍ ഇതിനോടകം രാജ്യം പട്ടിണിയിലായേനേ. പഴം പച്ചക്കറികള്‍ ധാന്യങ്ങള്‍ ഇവയൊന്നും വിപണിയില്‍ എത്തുകയുമില്ലായിരുന്നു,’ അക്ഷയ്‌വര്‍ കൂട്ടിച്ചേര്‍ത്തു.

ഒന്‍പത് മാസം മുന്‍പാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദല്‍ഹിയിലെത്തി പ്രതിഷേധമാരംഭിക്കുന്നത്. താങ്ങുവിലയടക്കമുള്ള കര്‍ഷകന്റെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ഈ രംഗത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് ഈ കാര്‍ഷികവിരുദ്ധ നിയമങ്ങളെന്നും ഇവ പിന്‍വലിച്ചേ മതിയാകൂ എന്നുമാണ് കര്‍ഷകരുടെ ആവശ്യം.

സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളേയും മറികടന്നാണ് കര്‍ഷകര്‍ സമരവുമായി മുന്നോട്ട് പോവുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേയാണ് മോദിയേയും യോഗിയേയും പരസ്യമായി വെല്ലു വിളിച്ച് കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.

സമരത്തിന് നേതൃത്വം നല്‍കിയ ടികായത് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ ശക്തമായി കര്‍ഷകര്‍ സമരപരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Tikait a ‘dacoit’, farmers’ protest receiving foreign funds: UP BJP MP

We use cookies to give you the best possible experience. Learn more