|

ചൈനീസ് ബന്ധം; ടിക് ടോക്ക് നിരോധിച്ച് ബില്‍ പാസാക്കി അമേരിക്കൻ സെനറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അമേരിക്കയിലും നിരോധനം. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. ടിക് ടോക്കിന്റെ ചൈനീസ് ഓഹരികള്‍ വിറ്റില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ യു.എസില്‍ ആപ്പ് നിരോധിക്കണമെന്നുള്ള ബില്‍ ജനപ്രതിനിധി സഭ ശനിയാഴ്ച പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സെനറ്റും ബില്‍ അംഗീകരിച്ചിരിക്കുന്നത്.

മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് ഉടമസ്ഥാവകാശം ഒഴിയണമെന്നാണ് അമേരിക്കയുടെ ആവശ്യം. നിര്‍ദേശം അംഗീകരിക്കാത്ത പക്ഷം ആപ്പ് നിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഒരു രീതിയിലുള്ള തടസവുമില്ലെന്ന് ബില്‍ പറയുന്നു.

270 ദിവസത്തിനുള്ളില്‍ ടിക് ടോക്കിനെ വില്‍ക്കുകയോ വേര്‍പ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ ബൈറ്റ് ആപ്പ് യു.എസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് അമേരിക്ക അറിയിച്ചു.

ജോ ബൈഡന് ഒപ്പുവെക്കുന്നതോടെ ബില്‍ യു.എസില്‍ പ്രാബല്യത്തില്‍ വരും. അതേസമയം ബില്‍ ഉടനെ അംഗീകരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നിരോധനത്തിനെതിരെ ടിക് ടോക്ക് നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന അമേരിക്കയുടെ നടപടിയില്‍ കോടതി ഇടപെടുമെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ പ്രതികരണം.

‘നിങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതും പൊരുതുന്നതും ഞങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല’ കഴിഞ്ഞ മാസം ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും സംയുക്തമായി ആപ്പിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് എന്ന ചൈനീസ് ടെക്‌നോളജി സ്ഥാപനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചതിനാലാണ് ജനപ്രതിനിധി സഭ ബില്‍ പാസാക്കിയത്. 58നെതിരെ 360 വോട്ടുകള്‍ക്ക് ബില്‍ പാസായത്.

Content Highlight: Tik Tok is also banned in America