നിരോധനത്തോട് പ്രതികരിച്ച് ടിക് ടോക്; ഇനിയിങ്ങനെ
Tik Tok Ban
നിരോധനത്തോട് പ്രതികരിച്ച് ടിക് ടോക്; ഇനിയിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 10:54 am

ന്യൂദല്‍ഹി: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ടിക് ടോക് പ്ലേസ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. ഇതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിക് ടോക് ഇന്ത്യ.

ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവരാവകാശ സംരക്ഷണത്തിന് അനുസൃതമായാണ് ഇന്ത്യയില്‍ ടിക് ടോക് പ്രവര്‍ത്തിക്കുന്നതെന്നും  ഇന്ത്യയില്‍ ഇതുപയോഗിക്കുന്നവരുടെ   ഒരു വിവരവും ചൈനീസ് സര്‍ക്കാരിന്  കൈമാറുന്നില്ലെന്നും ടിക് ടോക് ഇന്ത്യ പറഞ്ഞു.

‘ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവര സുരക്ഷാ നിയമപ്രകാരമാണ് ടിക് ടോക് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ഒരു വിദേശ സര്‍ക്കാരിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല,’ ടിക് ടോക് പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് അറിയിച്ചു.

അതേസമയം നിരോധനത്തെ മറികടക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക് പ്രവര്‍ത്തനം അയര്‍ലണ്ട്, യു. കെ സര്‍വെറുകളിലേക്ക് മാറ്റി.

മാത്രമല്ല, ടിക് ടോകിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കുകയും ചെയ്തു. അതായത് നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കം. എന്നാല്‍ പുതുതായി പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

ടിക് ടോകില്‍ പുതിയ വീഡിയോകള്‍ കാണുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍ വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിക്കണം.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ