| Tuesday, 30th June 2020, 3:33 pm

ടിക് ടോക് എന്തായിരുന്നു ആ മനുഷ്യര്‍ക്ക്?; നല്‍കിയത് അപമാനമോ ആത്മവിശ്വാസമോ?

ആല്‍ബിന്‍ എം. യു

രാജ്യത്ത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു കൊണ്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോകും ഹലോയും ഉള്‍പ്പെടുന്നു. ജനപ്രിയമായിരുന്ന ഈ ആപ്പുകള്‍ നിരോധിച്ചത് വലിയ ഞെട്ടലാണ് ആദ്യം സമ്മാനിച്ചത്. നിരോധനത്തില്‍ രണ്ട് അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. നിരോധിച്ചത് നന്നായെന്നും അല്ലായെന്നുമാണ് അഭിപ്രായങ്ങള്‍.

നിരവധി സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിലനില്‍ക്കവേ തന്നെയാണ് ടിക് ടോകും ഹലോയും ഇന്ത്യയിലേക്ക് വന്നത്. നഗരങ്ങളില്‍ നിന്നും അര്‍ധ നഗരങ്ങളില്‍ നിന്നും മാറി ഗ്രാമങ്ങളിലെ മനുഷ്യരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഈ ആപ്പുകള്‍ക്കുണ്ടായിരുന്നു. പ്രാദേശികവത്കരിക്കുന്നതിന് വേണ്ടിയുള്ള ഒരു പാട് ഫീച്ചേഴ്‌സുകള്‍ ഈ ആപ്പുകളിലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഈ ആപ്പുകളുടെ ഉപഭോക്താക്കളില്‍ വലിയ വിഭാഗം സാധാരണക്കാരായിരുന്നു.

ഗ്രാമങ്ങളില്‍ ജീവിക്കുന്ന തൊഴിലാളികളും സംവരണ സമുദായങ്ങളില്‍ നിന്നുള്ള യുവതീ യുവാക്കളും എല്ലാം ടിക് ടോകില്‍ തന്റെ കഴിവുകള്‍ പുറത്തെടുത്തിരുന്നു. നേരത്തെ ഇല്ലാത്തതരം അനുമോദനങ്ങളും അഭിനന്ദനങ്ങളും അവര്‍ക്ക് ലഭിച്ചു. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന താരങ്ങളായി മാറിയവരുണ്ട്. പല സെലബ്രിറ്റികളും സാധാരണ മനുഷ്യരുടെ വീഡിയോകളോട് ഡ്യൂയറ്റ് ചെയ്തിരുന്നു. ഇത് സാധാരണ മനുഷ്യര്‍ക്ക് നല്‍കിയിരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ഇത് മറ്റൊരു സോഷ്യല്‍ മീഡിയ ആപ്പിനും സാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ടിക് ടോകിനെ കുറിച്ച് പല പഠനങ്ങളും നിരീക്ഷണങ്ങളും വന്നിരുന്നു. അത്തരമൊരു ഘട്ടത്തിലെത്തി നില്‍ക്കവേയാണ് ടിക് ടോക് നിരോധിക്കുന്നത്.

‘ടിക് ടോക് നിരോധനത്തിന്റെ സാമൂഹ്യ പ്രത്യാഘാതമെന്തെന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഗ്രാമീണ ഇന്ത്യയില്‍ ടിക് ടോക് വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, പല വിദേശികളായ ആളുകള്‍ പോലും ഇന്ത്യയിലെ കലാകാരന്‍മാരെ ഫോളോ ചെയ്യുന്ന അവസ്ഥയുണ്ട്. ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ള മനുഷ്യരുടെ നൃത്തവും പാട്ടുമെല്ലാം വൈറലായിട്ടുണ്ട്. ഒരു ജനകീയ മാധ്യമമെന്ന നിലയ്ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും ജനപ്രിയമായിട്ടുള്ള ഒന്ന് ടിക് ടോകായിരിക്കും. നമ്മളറിയാത്ത, നമുക്ക് പരിചയമില്ലാത്ത, മുഖ്യധാര മാധ്യമങ്ങളില്‍ വരാത്ത മനുഷ്യരെ സൂപ്പര്‍ താരങ്ങളായി സൃഷ്ടിച്ചിട്ടുള്ളത് ടിക് ടോകാണ്. അവരുടെ നൃത്തങ്ങള്‍, പാട്ടുകള്‍ മില്യണ്‍ കാഴ്ചക്കാരെ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ശേഷം അവര്‍ക്ക് ലഭിക്കുന്ന സാമൂഹ്യ സ്വീകാര്യതയുണ്ട്. ഒരു ജനതക്ക് പെട്ടെന്ന് ഉണ്ടായിട്ടുള്ള സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്. ആനന്ദിക്കാന്‍ അധികമൊന്നുമില്ലാത്ത, സാമൂഹികമായി അശാന്തി നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ മനുഷ്യര്‍ക്ക് ആനന്ദം നല്‍കുന്ന ഒന്നായിരുന്നു ടിക് ടോക്. അതിനെ റദ്ദ് ചെയ്യുന്നത് സര്‍ക്കാരിന് ചിലപ്പോള്‍ തിരിച്ചടി നല്‍കിയേക്കാം. ഈ പ്രശ്‌നത്തെ ഒന്നും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടാവില്ല. ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പാണ് വരുന്നത്. അതുമായി ബന്ധപ്പെട്ടാണ് ബീഹാര്‍ റെജിമെന്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബി.ജെ.പി ഉയര്‍ത്തി കൊണ്ടുവരുന്നത്. അതേ തരത്തില്‍ തന്നെയാണ് നേരത്തെ ഉത്തര്‍പ്രദേശിലും നടപ്പിലാക്കിയത്. അതേ സമയത്ത് ബീഹാര്‍ പോലുള്ള പ്രദേശത്ത് ടിക് ടോക് നിരോധനം ബി.ജെ.പി മനസ്സിലാക്കാത്ത തരത്തില്‍ തിരിച്ചടി ഉണ്ടാക്കാം. മനുഷ്യരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലായി ആളുകള്‍ മനസ്സിലാക്കിയേക്കാം. അതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചും ഉണ്ടായേക്കാം’, മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരന്‍ ഡൂള്‍ ന്യൂസിനോട്  പറഞ്ഞു.

സ്ത്രീകളുടെ സജീവമായ പങ്കാളിത്തം അത്രയേറെ ഉണ്ടായിരുന്ന മറ്റൊരു സോഷ്യല്‍ മീഡിയ ആപ്പ് ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. പ്രത്യേകിച്ച് നഗരങ്ങളില്‍ നിന്ന് മാറി ഗ്രാമങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ ടിക് ടോകില്‍ ഇടപെട്ടു. പൊതു സ്ഥലങ്ങളില്‍ നൃത്തം ചെയ്യാനും പാട്ടുപാടാനും ഉള്ള സമൂഹം സൃഷ്ടിച്ച മടിയെ അവര്‍ മറികടന്നു. വലിയ തരത്തിലാണ് ഇക്കാര്യങ്ങളില്‍ ടിക് ടോക് അതിന്റെ പങ്ക് നിര്‍വഹിച്ചത്.

‘ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വന്ന സമയത്തും അത്തരം ഇടങ്ങളും കൈകാര്യം ചെയ്തിരുന്നത് പുരുഷന്മാര്‍ തന്നെയായിരുന്നു. അതിന് ശേഷം സ്ത്രീകള്‍ ഈയൊരു മേഖലയിലേക്ക് കടന്നുവരുന്നത് ടിക് ടോക് പോലെ അനായാസമായി കടന്നുവരാവുന്ന തരത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍ വന്നതിന് ശേഷം മാത്രമാണ്.

വര്‍ഷങ്ങളായി ഫേസ്ബുക്കെല്ലാം അവിടെയുണ്ടെങ്കിലും ടിക് ടോക് വന്നതിന് ശേഷമാണ് പെണ്‍കുട്ടികള്‍ ധൈര്യമായി സമൂഹമാധ്യമങ്ങളിലേക്ക് കടന്നുവരാന്‍ തുടങ്ങിയത്. ടിക് ടോകില്‍ വീഡിയോകള്‍ എല്ലാം ചെയ്തതിന് ശേഷം അതില്‍ നിന്നുമുണ്ടായ ആത്മവിശ്വാസത്തില്‍ ഫേസ്ബുക്കിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയവരുമുണ്ട്. കാരണം ടിക് ടോകില്‍ വീഡിയോകള്‍ ചെയ്യുമ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്ന് കണ്ട് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഇടാന്‍ ധൈര്യം കിട്ടിയ എത്രയോ പെണ്‍കുട്ടികളുണ്ട്.

ടിക് ടോകില്‍ സ്ത്രീവിരുദ്ധവും നമ്മുടെ സദാചാര സങ്കല്‍പങ്ങള്‍ക്ക് അനുസൃതവുമായ ഒരുപാട് കണ്ടന്റുകള്‍ വരുന്നുണ്ടെങ്കില്‍ പോലും ജെന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ വീട്ടമ്മമാരും കുട്ടികളും വരെ ടിക് ടോകില്‍ വരുന്നുണ്ട്. തിലകനായും ജഗതിയായുമൊക്കെ സത്രീകള്‍ അഭിനയിക്കുന്നത് കാണാം.

ജെന്‍ഡര്‍ സങ്കല്‍പങ്ങളുടെ ബാധ്യതയില്ലാതെ അഭിനയിക്കാനും വീഡിയോകള്‍ ചെയ്യാനുമുള്ള സാധ്യത കൂടിയാണ് ടിക് ടോക് നല്‍കിയത്. അവരുവരുടേതായ ഇടങ്ങളില്‍ നിന്നുകൊണ്ട് മറ്റാരുടെയും മോണിറ്ററിംഗ് ഇല്ലാതെ അവര്‍ തന്നെ കണ്ടന്റുകള്‍ നിര്‍മ്മിക്കുകയാണ്. ഈ വീഡിയോകള്‍ക്ക് താഴെ കളിയാക്കലുകളായി കമന്റുകളൊക്കെ വരുമെങ്കില്‍ പോലും ഓരോരുത്തരും അവര്‍ തന്നെ തീരുമാനിച്ച് നടത്തുന്ന സ്വതന്ത്രപ്രഖ്യാപനങ്ങളാണ് ഓരോ വീഡിയോകളും’, അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചന്‍  ഡൂള്‍ ന്യൂസിനോട്  പറഞ്ഞു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് ആപ്പുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ടിക് ടോകിന് നിലവില്‍ ഇന്ത്യയില്‍ 119 മില്യണ്‍ സജീവ ഉപഭോക്താക്കളുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആല്‍ബിന്‍ എം. യു

സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more