വാഷിങ്ടണ്‍: ടിക് ടോക്കിനെ യു.എസില്‍ തുടരാന്‍ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ ടിക് ടോക്കിലൂടെ തനിക്ക് വലിയ തോതിലുള്ള പ്രചരണം ലഭിച്ചിട്ടുണ്ടെന്നും കുറച്ച് അധികം സമയം കൂടി യു.എസില്‍ പ്രവര്‍ത്തിക്കാന്‍ ടിക് ടോകിന് അനുമതി നല്‍കണമെന്നും ട്രംപ് നിര്‍ദേശിച്ചു. അരിസോണയിലെ ഫിനിക്‌സില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
കഴിഞ്ഞ ഏപ്രിലില്‍ ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിനോട് യു.എസ് സെനറ്റ് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച ടിക് ടോക്കിന്റെ സി.ഇ.ഓയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ടിക് ടോക്കിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് ക്യാമ്പയിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു കൂടിക്കാഴ്ച. ടിക് ടോക്കിന് തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ വലിയ പങ്കുണ്ടെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഏപ്രിലില്‍ കൊണ്ടുവന്ന നിയമമനുസരിച്ച് ജനുവരി 19 വരെയാണ് ടിക് ടോകിന് യു.എസില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്. നിയമം കൊണ്ടുവന്നതിന് പിന്നാലെ ടിക് ടോക് ഉടമകള്‍ നിയമം റദ്ദാക്കാന്‍ യു.എസ് കോടതിയെ സമീപിക്കുകയും കോടതി കേസ് പരിഗണിക്കുകയും ചെയ്തിരുന്നു.
അതേസമയം ടിക് ടോക്ക് റദ്ദാക്കുന്നതിനായുള്ള ഉത്തരവ് സെനറ്റില്‍ വലിയ തോതിലുള്ള ഭൂരിപക്ഷത്തില്‍ പാസാവുകയും ചെയ്തിരുന്നു.
എന്നാല്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിക് ടോക്ക്, ദേശീയ സുരക്ഷയെ ബാധിക്കുമെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമായിരുന്നു യു.എസ് നീതി ന്യായ വകുപ്പ് കോടതിയില്‍ വാദിച്ചത്. ഈ നിലപാടിനെ യു.എസിലെ ഭൂരിപക്ഷം നിയമനിര്‍മാതാക്കളും പിന്തുണക്കുകയും ചെയ്തിരുന്നു.
അതേസമയം നീതിന്യായ വകുപ്പ് ടിക് ടോക്കിന്റെ പ്രവര്‍ത്തനത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ആപ്പിന്റെ യു.എസിലെ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നത് യു.എസ് ആണെന്നും ടിക് ടോക് അധികൃതര്‍ പ്രതികരിച്ചിരുന്നു.
ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്കിനെ നീക്കണമെന്ന് കഴിഞ്ഞ ദിവസം യു.എസിലെ ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷകന്‍ രാജ കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസത്തോടെ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക് ടോക് യു.എസില്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിര്‍ദേശമെന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ബൈറ്റ് ഡാന്‍സുമായി ബില്ലില്‍ ഒപ്പുവെച്ചിരുന്നു. ജനുവരി 19 നകം അതില്‍ നിന്ന് പിന്മാറുകയോ യു.എസിന്റെ നിരോധനം നേരിടുകയോ ചെയ്യണമെന്നായിരുന്നു ബില്ല്.
എന്നാല്‍ സമയപരിധിക്ക് മുന്നോടിയായാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹൗസ് സെലക്ട് കമ്മറ്റി ചെയര്‍ ജോണ്‍ മുല്ലേനറും റാങ്കിങ് അംഗം കൃഷ്ണ മൂര്‍ത്തിയും ആപ്പിള്‍ സി.ഇ.ഒയ്ക്കും ഗൂഗിള്‍ സി.ഇ.ഒയ്ക്കും ടിക് ടോക് സി.ഇ.ഒയ്ക്കും കത്തയച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
19നകം പ്ലേ സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്യണമെന്നും ഇതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഡി.സി സര്‍ക്യൂട്ട് കോടതിയുടെ അഭിപ്രായത്തിന് ശേഷമാണ് യു.എസ് മൂന്ന് കത്തുകളും അയച്ചതെന്നും നിരോധനത്തിനായും പിരിഞ്ഞ് പോവുന്നതിനായും കൃത്യമായ സമയമുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.
Content Highlight: Tik Tok ban in US; Trump suggested that it should be allowed to continue